കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകിയ സിപിഎം നേതാവിന്റെ വീട്ടുനമ്പറിൽ 22 പേർ; ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വൈഷ്‌ണ സുരേഷിനെതിരെ പരാതി നൽകിയ സിപിഎം നേതാവിനെതിരെ ക്രമക്കേട് കണ്ടെത്തി. സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പേരിനൊപ്പമുള്ള വീട്ടുനമ്പറിൽ താമസിക്കുന്നത് 22 പേരെന്നാണ് കണ്ടെത്തൽ.
ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് ഇന്നലെ അർദ്ധരാത്രിയോടെ പ്രസിദ്ധീകരിച്ച സപ്ളിമെന്ററി പട്ടികയിൽ ധനേഷിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടുനമ്പറിൽ 21 പേർ വേറെയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു വീടിന് ഒരു നമ്പർ എന്ന ക്രമത്തിലാണ് കോർപറേഷൻ റവന്യു വിഭാഗം നമ്പർ അനുവദിക്കുന്നത്. സപ്ലിമെന്ററി പട്ടിക പുറത്തുവന്നതിന് പിന്നാലെ പല വാർഡുകളിലും സമാന തരത്തിൽ ക്രമക്കേട് ആരോപണം ഉയർന്നിരുന്നു. ചില വാർഡുകളിൽ വോട്ടർമാരെ കൂട്ടമായി ചേർത്തെന്നും ചിലരെ കൂട്ടമായി ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൈഷ്‌ണ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കാണിച്ച് ധനേഷ് നൽകിയ പരാതി ശരിവച്ച് കഴിഞ്ഞദിവസം വൈഷ്‌ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം ചെയ്തിരുന്നു.
വൈഷ്‌ണ നൽകിയ മേൽവിലാസത്തിൽ പ്രശ്‌നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്‌ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. കോർപ്പറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിൽ മാത്രമേ കൗൺസിലിലേയ്ക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൈഷ്‌ണ വോട്ട് ചെയ്‌തിരുന്നു. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെയും വൈഷ്‌ണയുടെയും തീരുമാനം.