അനീഷ് ജോർജിന്റെ മരണം; എസ്ഐആർ സമ്മ‌ർദമെന്ന് പിതാവ്, നാളെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും

Sunday 16 November 2025 6:15 PM IST

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് പിതാവ്. ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോർജാണ് മരിച്ചത്. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ ആണ് അനീഷ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട (എസ്ഐആർ) സമ്മർദം കാരണമാണ് മകൻ ജീവനൊടുക്കിയതെന്നാണ് അനീഷിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനിൽ നടക്കുകയായിരുന്നെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാദ്ധ്യതയുമില്ലെന്നും പിതാവ് പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്. വ്യക്തിപരമായ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ അനീഷിന്റെ മരണത്തിന് കാരണമെന്നും അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജോലിഭാരമാണ് അനീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന വിവരം ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഎൽഒമാ‌ർക്ക് 31 ദിവസം മറ്റൊരു ജോലികളും നൽകിയിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ പ്രതികരിച്ചു.

അതേസമയം, ബിഎൽഒ ആയിരുന്ന അനീഷിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. 35,000 പേരാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് നാളെ മാർച്ച് നടത്തും.