കേരളത്തിന് ഇനി പുതിയ ട്രെയിനുകള്‍ അനുവദിക്കില്ല? പരിഹരിക്കേണ്ടത് രണ്ട് പ്രശ്‌നങ്ങളെന്ന് റെയില്‍വേ
ചെന്നൈ: യാത്രാക്ലേശം പല റൂട്ടുകളേയും സാരമായി ബാധിച്ച സാഹചര്യത്തില്‍ പുതിയ ട്രെയിനെന്ന ആവശ്യം പല ജില്ലകളില്‍ നിന്നും ശക്തമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിന് പുതിയ ട്രെയിനുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. കേരളത്തിലൂടെ ഓടിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ട്രെയിനുകള്‍ ഇപ്പോള്‍ ഓടിക്കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. പാതകളുടെ ഉപയോഗം സംസ്ഥാനത്ത് 120 ശതമാനത്തില്‍ എത്തിയിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കേരളത്തില്‍ മൂന്നാം പാത യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. കണ്ണൂര്‍ അല്ലെങ്കില്‍ കാസര്‍കോട് ഒരു യാര്‍ഡെങ്കിലും നിര്‍മിക്കണം. ഇതില്‍ ഏതെങ്കിലും ഒന്ന് നടപ്പിലാകാതെ പുതിയ ട്രെയിന്‍ വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് റെയില്‍വേ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ പരമാവധി വേഗത കൈവരിക്കുമ്പോള്‍ കേരളത്തില്‍ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യമാണുള്ളത്. യാര്‍ഡിന്റെ അഭാവം കാരണം കൃത്യമായി അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ലെന്നാണ് അധികൃതരുടെ വാദം.
കേരളം പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്നും പുതിയപാത നിര്‍മിക്കാന്‍ അവിടെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയുമോയെന്നകാര്യം ഉറപ്പാക്കാനാവില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍, എന്തുകൊണ്ട് ഇതേക്കുറിച്ച് ദക്ഷിണ റെയില്‍വേ കേരള സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. പാതയിരട്ടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ കേരളം സ്ഥലം ഏറ്റെടുത്ത് നല്‍കാത്തത് കാരണം കാലതാമസം വരുന്നുണ്ട്.
കായംകുളം - ആലപ്പുഴ - എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള പാതയിരട്ടിപ്പിക്കലും ഇനിയും പൂര്‍ത്തിയായിട്ടില്ല. കേരളത്തിലെ യാത്രക്കാര്‍ യാത്രാ ദുരിതത്തില്‍ വലയുമ്പോഴാണ് പുതിയ ട്രെയിന്‍ അനുവദിക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലാണ് യാത്രാക്ലേശം അതിരൂക്ഷമായി തുടരുന്നത്.