ശതാഭിഷിക്തനായി ഓണക്കൂർ, ഹൃദയരാഗത്തിൽ ഒഴുകുന്ന പുഴ

Monday 17 November 2025 2:28 AM IST

'വീണെങ്കിലും വേഗത്തിൽ എഴുന്നേറ്റു, തലയുയർത്തി നിലകൊണ്ടു. നട്ടെല്ല് വളഞ്ഞിട്ടില്ല. ഉയരം കുറഞ്ഞിട്ടില്ല...വഴിയിൽ വെളിച്ചമുണ്ടായിരുന്നു... കാലുകൾ ഇടറുകയില്ല...": ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ ആമുഖത്തിൽ ഡോ. ജോർജ് ഓണക്കൂർ എഴുതി. എഴുത്തുകാരനൊപ്പം അദ്ധ്യാപകനായും കേരളത്തിന്റെ സാംസ്കാരികമുഖമായും ശോഭിക്കുന്ന അദ്ദേഹം ഇന്നലെ ശതാഭിഷിക്തനായി. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവിൽ,​ സ്വച്ഛമനസ്കനായി ഒഴുകുന്ന പുഴ! ഡോ. ജോർജ് ഓണക്കൂർ 'കേരളകൗമുദി"യോട്...

?​ ആഘോഷങ്ങൾ.

ഒന്നുമില്ല. ദുബായിലുള്ള മൂന്നു മക്കളും ഇക്കുറി നാട്ടിലെത്തി. സദ്യ പതിവില്ല. കേക്ക് മുറിച്ചു. സ്വന്തമെന്നു കരുതുന്ന അയൽക്കാർ വീട്ടിലെത്തി മനസുനിറയെ സ്നേഹം തന്നു.

?​ 84-ൽ ജീവിതത്തിന്റെ ഊ‌ർജ്ജം.

വായിക്കപ്പെടാതെ ആഘോഷിക്കപ്പെടുന്ന എഴുത്തുകാർക്കിടയിൽ എന്റെ പുസ്തകങ്ങൾ ആഘോഷിക്കപ്പെടുന്നില്ലെങ്കിലും വായിക്കപ്പെടുന്നുണ്ട്. പോയ വർഷങ്ങളിലൊക്കെയും ആളുകൾ എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹമാണ് ശക്തിയും പ്രോത്സാഹനവും.

?​ 'ഉൾക്കടൽ' ഇന്നും ഇരമ്പുന്നു. തീരത്ത് ഇപ്പോഴും ആരാധകരുണ്ടല്ലോ...

1976-ലാണ് 'ഉൾക്കടൽ" എഴുതുന്നത്. അരനൂറ്റാണ്ടിനിപ്പുറവും ആദ്യത്തെ ക്യാമ്പസ് നോവലായി അത് വാഴ്ത്തപ്പെടുന്നു. 'ഉൾക്കടൽ" തലയണയ്ക്കടിയിൽ വച്ചാലേ ഉറങ്ങാനാവൂ എന്നു പറഞ്ഞ സ്നേഹിതരുണ്ട്. ഇപ്പോഴും അത് അവിടെത്തന്നെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. തലയണയ്ക്കടിയിൽ ഇല്ലെങ്കിലും അവരുടെയെല്ലാം മനസിലുണ്ടാവുമെന്ന് തീർച്ച.

?​ ഓണക്കൂറിലെ ബാല്യം പോരാട്ടങ്ങളുടേതായിരുന്നല്ലോ.

വിദ്യാർത്ഥിയായിരിക്കെ ഓണക്കൂർ, പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ ദിവാൻ ഭരണത്തിനെതിരെ

തീക്ഷ്ണമായ പോരാട്ടങ്ങൾ അലയടിച്ചു. മൗലിക സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭങ്ങൾ നടത്തിയ വിപ്ലവകാരികൾക്ക് അഭയം നൽകിയത് ഞങ്ങളുടെ വീടാണ്. എന്റെ സ്കൂളിൽ പഠിച്ച അയ്യപ്പനെ പൊലീസുകാർ അടിച്ചുകൊന്നു. ഇതിനെ ആസ്പദമാക്കിയാണ് ആദ്യ കഥയായ 'കാരാഗൃഹത്തിൽ" എഴുതുന്നത്. കൗമുദി ആഴ്ചപ്പതിപ്പിൽ കെ. ബാലകൃഷ്ണനാണ് അതു പ്രസിദ്ധീകരിച്ചത്. അയ്യപ്പന്റെ മരണത്തിൽ കുട്ടികൾ നടത്തിയ മൗനജാഥയ്ക്കു മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ച് ഞാനുമുണ്ടായിരുന്നു. ജാഥയ്ക്കിടയിൽ നിന്ന് പൊലീസ് എന്നെ പൊക്കിയെടുത്ത് അപ്പച്ചന്റെയടുത്ത് കൊണ്ടുപോയി. 'ഇവനെ സൂക്ഷിച്ചോണം..." എന്നൊരു താക്കീതും. ക്ഷുഭിത യൗവനമെന്ന് പറയാറില്ലേ; എന്റേത് ക്ഷുഭിതബാല്യമായിരുന്നു.

?​ താക്കീത് ഫലംകണ്ടില്ലല്ലോ.

കോളേജിലും സമരമുഖത്ത് സജീവമായിരുന്നു. അദ്ധ്യാപകനായി മാർ ഇവാനിയോസിൽ എത്തിയപ്പോൾ സ്വകാര്യ കോളേജുകളിലെ അദ്ധ്യാപകരുടെ അവകാശങ്ങൾക്കായി സമരം ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെയൊക്കെ പരിണതഫലമാണ് യു.ജി.സി സ്കെയിൽ എന്ന ആകർഷണീയമായ വ്യവസ്ഥ. അന്ന് കോളേജ് അദ്ധ്യാപകരെ എപ്പോൾ വേണമെങ്കിലും പറഞ്ഞുവിടാം. അതിൽ മാറ്റം വന്നില്ലേ?ഞാൻ ട്രഷറിയിൽ പോയിത്തന്നെ പെൻഷൻ വാങ്ങും. കാരണം,​ അത് എന്റെ അഭിമാനമാണ്.

?​ കൊച്ചുഗ്രാമത്തിൽ നിന്ന് ദേശീയപുരസ്കാരം വരെ...

അംഗീകാരങ്ങളൊന്നും ആഗ്രഹിച്ചിട്ടില്ല. 'ഇല്ലം" എന്ന നോവലിനും 'അടരുന്ന ആകാശം" എന്ന യാത്രാവിവരണത്തിനും കേരളസാഹിത്യ അക്കാഡമി അവാ‌ർഡും ആത്മകഥയായ 'ഹൃദയരാഗങ്ങൾ"ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാ‌ർഡും ലഭിച്ചു. 'ഹൃദയരാഗങ്ങളി"ലൂടെ ഒഴുകുന്നത് എന്റെ ഹൃദയരക്തമാണ്. എം.പി. പോൾ, സി.ജെ. തോമസ് എന്നിവരുടെ ജീവചരിത്രമെഴുതി. മുണ്ടശേരിയുടെ നിയമസഭാ പ്രസംഗങ്ങൾ എഡിറ്റ് ചെയ്യാനായി. കെ. ജയകുമാ‌ർ, ജിജി തോംസൺ, ജഗതി ശ്രീകുമാർ, ഷാജി. എൻ. കരുൺ,വയലാർ ശരത്ചന്ദ്രവ‌ർമ്മ ഉൾപ്പെടെയുള്ള വലിയ ശിഷ്യസമ്പത്തുണ്ട്.

?​ തിരുവനന്തപുരത്തോടുള്ള ബന്ധം.

വർഷങ്ങളുടെ ആത്മബന്ധമാണത്. തിരുവനന്തപുരത്ത് എന്നെ ഏറ്റവുമധികം അംഗീകരിച്ചത് പത്രാധിപർ കെ. സുകുമാരനാണ്. വീട്ടിലെ ഒരംഗം പോലെയായിരുന്നു ഞാൻ. തിരുവനന്തപുരത്തെ സാംസ്കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒരു സാംസ്കാരിക ഭൂപടം സൃഷ്ടിക്കണം. രാഷ്ട്രീയത്തിന്റെ ഔദാര്യത്തിന് കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ വിട്ടുകൊടുക്കരുത്.

?​ പുസ്തകത്തിന്റെ പണിപ്പുരയിലാണോ.

വിദേശ കുടിയേറ്റം കാരണം സംസ്കാരത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് നോവൽ എഴുതുന്നുണ്ട്. അതിനുശേഷം ഡോ. പൽപ്പുവിന്റെ ജീവചരിത്രം എഴുതാൻ സാധിക്കണമെന്ന പ്രാർത്ഥനയുമുണ്ട്.

?​ പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ.

ജാതി,​ മത,​ രാഷ്ട്രീയത്തിന് അതീതമായി അവരെ ചേർത്തുപിടിക്കണം. വയലാർ അവാർഡിന് അർഹമായ ഇ. സന്തോഷ‌്‌കുമാറിന്റെ 'തപോമയിയുടെ അച്ഛൻ" എന്ന ഗ്രന്ഥത്തിന് ആദ്യമായി ലഭിക്കുന്നത് മലയാറ്റൂർ അവാർഡാണ്. ഞാൻ ഉൾപ്പെടുന്ന കമ്മിറ്റിയാണ് അതു നൽകിയത്. ഇവർക്കെല്ലാമൊപ്പം അസ്തമയം വരെ ഈ സൂര്യൻ മേഘങ്ങൾക്കിടയിലോ വൻ വൃക്ഷങ്ങൾക്കിടയിലോ ഉണ്ടാവും...