ലുലുവിന്റെ മറ്റൊരു വമ്പന്‍ മാള്‍ കൂടി വരുന്നു; 'മൂന്ന് വര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കും'

Sunday 16 November 2025 7:52 PM IST

ഷോപ്പിംഗ് മാള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലുലു മാളിന്റെ പേരാണ്. മലയാളികള്‍ ധാരാളമുള്ള ഗള്‍ഫ് മേഖലയിലെ ലുലുവിന്റെ സാന്നിദ്ധ്യം ആണ് ഇതിന് കാരണം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലെ വമ്പന്‍ മാളുകള്‍ ഉള്‍പ്പെടെ എട്ട് മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇപ്പോഴിതാ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മറ്റൊരു വമ്പന്‍ മാള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്.

2028ല്‍ 17,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യതയുള്ള വമ്പന്‍ മാള്‍ വരുന്നത് പക്ഷേ കേരളത്തിലല്ല. തൊട്ടയലത്തുള്ള ആന്ധ്ര പ്രദേശിലാണ് ലുലുവിന്റെ പുതിയ മാള്‍ വരുന്നത്. വിശാഖപട്ടണം നഗരത്തില്‍ പണികഴിപ്പിക്കാന്‍ പോകുന്നത് കൂറ്റന്‍ മാള്‍ ആയിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. വിശാഖപട്ടണത്തെ ലുലു മാള്‍ അടക്കമുളള ആന്ധ്രപ്രദേശിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമായി.

സിഐഐ പാര്‍ട്ണര്‍ സമ്മിറ്റില്‍ വെച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നടത്തിയത്. കോടികളുടെ വമ്പന്‍ പദ്ധതികളാണ് ആന്ധ്രപ്രദേശില്‍ ലുലു ഗ്രൂപ്പ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. വിശാഖപട്ടണം ലുലുമാള്‍, വിജയവാഡയിലെ മല്ലവല്ലി ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയില്‍ ലോജിസ്റ്റിക്‌സ്, കയറ്റുമതി ഹബ്ബും ലുലു ഗ്രൂപ്പ് സ്ഥാപിക്കും. ഇത് സംബന്ധിച്ച ധാരണാ പത്രം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് എംഎ യൂസഫലി കൈമാറി.

ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ മാളുകളിലൊന്നാകും വിശാഖപട്ടണം ലുലുമാളെന്ന് എംഎ യൂസഫലി പറഞ്ഞു. മാളിന്റെ നിര്‍മാണ പ്രവര്‍ത്തനം ഈ ആഴ്ച തന്നെ തുടങ്ങും. മൂന്ന് വര്‍ഷത്തിനകം മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.