ഡോ.ആലപ്പുഴ രാമൻ സുബ്രഹ്മണ്യൻ നിര്യാതനായി

Monday 17 November 2025 1:33 AM IST

തൃപ്രയാർ: പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ.ആലപ്പുഴ രാമൻ സുബ്രഹ്മണ്യൻ (90) അമേരിക്കയിലെ അരിസോണയയിൽ നിര്യാതനായി. തൃശൂർ നാട്ടികയിൽ പരേതനായ ആലപ്പുഴ രാമൻ -പൊന്നി ദമ്പതികളുടെ മകനാണ്. മോളിക്യുളർ ജെനറ്റിക്‌സിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ അദ്ദേഹം മാക്‌സ് പ്‌ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ജർമ്മനി, ഫ്രീ യൂണിവേഴ്‌സിറ്റി ബെർലിൻ, അരിസോണ സർവകലാശാല, മസാച്യൂസെറ്റ്‌സ് ജനറൽ ഹോസ്പിറ്റൽ, ഹാർവാർഡ് യൂണിവേഴ്‌സിറ്റി (അമേരിക്ക), ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി ഡൽഹി (വിസിറ്റിംഗ്) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സസ്യ റൈബോസോം ബയോളജി, ക്‌ളോറോപ്‌ളാസ്റ്റ് ട്രാൻസ്ലേഷൻ, റൈബോസോം സുബുനിറ്റ് അസംബ്‌ളി തുടങ്ങിയ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുണ്ട്. ബയോകെമിക്കൽ സയൻസിൽ നിരവധി ഗ്രന്ഥങ്ങളും ഗവേഷണ ലേഖനങ്ങളും എഴുതി. വലപ്പാട് ഗവ. ഹൈസ്‌കൂൾ,പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ പി.ജി ബിരുദം. ആറ്റോമിക് എനർജി സ്ഥാപനമായ ട്രോംമ്പെ ആറ്റോമിക് എനർജിയിൽ (ബാർക്) ശാസ്ത്രജ്ഞനായി സേവനമാരംഭിച്ച ശേഷം അമേരിക്കയിലെ ലോവ സർവകലാശാലയിൽ ഡോക്ടറൽ പഠനം നടത്തി. ഭാര്യ: പരേതയായ ഡോ.റീത്ത മിത്ര. മക്കൾ: സുമൻ സുബ്രഹ്മണ്യൻ, പരേതനായ റോണി സുബ്രഹ്മണ്യൻ. സംസ്‌കാരം പിന്നീട് അരിസോണയിൽ.