ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റിന് വിശ്രമകാലം

Monday 17 November 2025 12:34 AM IST

കോതമംഗലം : വനിതകളെ പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് അടുപ്പിക്കാതിരുന്ന പഴയ കാലം ഓർക്കുകയാണ് സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റായ അന്നമ്മ ജേക്കബ് (88). പകുതിയിലേറെ പഞ്ചായത്തുകളിലും വനിതകൾ പ്രസിഡന്റായ ഇന്നത്തെ കാലവുമായി താരതമ്യം ചെയ്യുമ്പോഴേ അന്നമ്മയുടെ നേട്ടം വ്യക്തമാകൂ.

1968 മുതൽ 79 വരെ 11 വർഷം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഊന്നുകൽ മാറാച്ചേരി പുത്തേത്ത് അന്നമ്മ ജേക്കബ്. ചുമതലയേൽക്കുമ്പോൾ പ്രായം 29 വയസ്. പഞ്ചായത്ത് കമ്മറ്റിയിൽ വനിതകളെ ഉൾപ്പെടുത്തണമെന്ന സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ പശ്ചാത്തലത്തിൽ 1963ൽ 25-ാം വയസിലാണ് അന്നമ്മ ആദ്യം പഞ്ചായത്ത് കമ്മറ്റി അംഗമാകുന്നത്. നാട്ടിലെ വിദ്യാഭ്യാസമുള്ള വനിത എന്ന പരിഗണനയിലായിരുന്നു നാമനിർദ്ദേശം. പിന്നീട് വൈസ് പ്രസിഡന്റുമായി.

1968ലെ കമ്മിറ്റിയിലെത്തിയത് തിരഞ്ഞെടുപ്പിലൂടെയാണ്. 79ൽ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആ ടേം കഴിഞ്ഞ ശേഷം പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടില്ല. പിന്നീട് കുറച്ചുകാലം സഹകരണ സംഘം ഭരണസമിതി അംഗമായി. മകൻ റിട്ട. പ്രൊഫസർ ഡോ. ബെന്നി ജേക്കബിനൊപ്പമാണ് ഇപ്പോൾ വിശ്രമജീവിതം.