വാർഡുകളിൽ മുമ്പൻ മുല്ലപ്പെരിയാർ
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ വാർഡ് മുല്ലപ്പെരിയാർ. കുമളി ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്. മുല്ലപ്പെരിയാർ ഡാമും ഈ വാർഡിൽ. 1,372 വോട്ടർമാർ. 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരിയാർ കടുവ സങ്കേതവും വനംവകുപ്പ് ക്വാർട്ടേഴ്സുകളും തേക്കടി, ലബ്ബക്കണ്ടം, കുരിശുമല, വള്ളക്കടവ് ജനവാസമേഖലയും ഉൾപ്പെടുന്നതാണ് വാർഡ്.
രണ്ട് പോളിംഗ് സ്റ്റേഷനുകൾ. തേക്കടി അമലാംബിംക പബ്ലിക് സ്കൂൾ, പച്ചക്കാനം അങ്കണവാടി. ഇവ തമ്മിൽ 40 കിലോമീറ്റർ ദൂരമുണ്ട്. വോട്ടർമാരിൽ 98 ശതമാനവും അമലാംബിംക ബൂത്തിൽ. പച്ചക്കാനത്ത് ആകെ 20 വോട്ടർമാർ മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ തേക്കടി എന്നപേരിൽ അറിയപ്പെട്ടിരുന്ന വാർഡ്, ഇക്കുറി പുനർവിഭജനത്തിലാണ് മുല്ലപ്പെരിയാർ ആയത്. നിലവിൽ പട്ടികവർഗ സംവരണ വാർഡാണിത്.
കുമളി ലബ്ബക്കണ്ടം ആദിവാസി ഉന്നതിയിലെ കെ. രാമൻ മുംതാസ് (യു.ഡി.എഫ്), ഷാജി പൊന്നയ്യൻ (എൽ.ഡി.എഫ്), കെ.എ. രാജു (എൻ.ഡി.എ) എന്നിവരാണ് സ്ഥാനാർത്ഥികൾ. മുല്ലപ്പെരിയാറിന്റെ 130 വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് ആ പേരിൽ വാർഡ് രൂപംകൊണ്ടത്.
ഗ്രാമപഞ്ചായത്തിൽ
'ഒന്നാമൻ' കുമിളി ഇടുക്കി ജില്ലയിലെ കുമിളി ഗ്രാമപഞ്ചായത്താണ് സംസ്ഥാനത്ത് വിസ്തൃതിയിൽ ഒന്നാംസ്ഥാനത്ത്.
വിസ്തൃതി 964.19 ചതുരശ്രകിലോമീറ്റർ. ഇതിൽ 925 ചതുരശ്ര കിലോമീറ്ററും പെരിയാർ കടുവാസങ്കേതമാണ്. അതിന്റെ 90 ശതമാനവും ഉൾപ്പെടുന്നതാണ് മുല്ലപ്പെരിയാർ വാർഡ്.
തെക്ക് പത്തനംതിട്ട ജില്ല, കിഴക്ക് തമിഴ്‌നാട്, വടക്ക് ചക്കുപള്ളം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തുമാണ് കുമിളി പഞ്ചായത്തിന്റെ അതിർത്തി.