അഴിമതിക്കാരെ തെരഞ്ഞ് പൊലീസ് വിജിലൻസ് നോക്കുകുത്തിയായി വനംവകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ്

Monday 17 November 2025 12:46 AM IST

തിരുവനന്തപുരം: വനംവകുപ്പിലെ അഴിമതിയെക്കുറിച്ച് പരാതികൾ ഉയർന്നതോടെ ഇവ അന്വേഷിക്കേണ്ട വനം വിജിലൻസും ഫ്ലൈയിംഗ് സ്ക്വാഡും നോക്കുകുത്തികളാകുന്നു. പല പരാതികളും ഒത്തുതീർപ്പാക്കി അഴിമതിക്കാരെ സംരക്ഷിക്കാൻ വ്യാജ റിപ്പോർട്ട് തയ്യാറാക്കുന്നുവെന്നാണ് ആക്ഷേപം. ഇതിന് തടയിടാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നേരിട്ട് അന്വേഷണം നടത്തുകയാണ്. വനരക്ഷ,ജംഗിൾ സഫാരി എന്നീ ഓപ്പറേഷനുകൾ ഇനി ശക്തമാക്കും.

വനംവകുപ്പിലെ ഉദ്യോഗസ്ഥർ നടത്തുന്ന ക്രമക്കേടിനെക്കുറിച്ച് വകുപ്പ് ഇന്റലിജൻസ് നൽകുന്ന വിവരങ്ങളും പരാതികളും ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷിച്ച് നടപടി ശുപാർശ ചെയ്യുകയാണ് പതിവ്. എന്നാൽ,കഴിഞ്ഞ കുറേക്കാലമായി ഫ്ലൈയിംഗ് സ്ക്വാഡിന് ലഭിക്കുന്ന പരാതികൾ അന്വേഷിക്കുകയോ റെയ്ഡ് നടത്തുകയോ ചെയ്യാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. വനത്തിനുള്ളിൽ മാലിന്യം തള്ളൽ,ചന്ദനം,തേക്ക് തുടങ്ങിയ മരങ്ങളുടെ അനധികൃത കടത്ത്,വനംവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ കൃത്യവിലോപങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരാതി നൽകിയാലും നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കേസൊതുക്കലും

തിരുവനന്തപുരത്ത് വിഷപ്പാമ്പുകളുടെയും ഇരുതലമൂരിയുടെയും കടത്ത് അന്വേഷിച്ച ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസ‌ർ റിപ്പോർട്ട് കൈമാറുന്നതിന് മുമ്പേ സസ്പെൻഡ് ചെയ്യപ്പെട്ടത് വിവാദത്തിനിടയാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇതിനുശേഷം ഈ കേസിൽ അന്വേഷണ റിപ്പോർട്ടിന്മേൽ നടപടിയുണ്ടാകാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുകളാണ് നടന്നതെന്നും കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമമുണ്ടായതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതുമൂലം ഫ്ലൈയിംഗ് സ്ക്വാഡിലെ പല ഉദ്യോഗസ്ഥരും അന്വേഷണങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ്. വനം വിജിലൻസ് വകുപ്പാകട്ടെ ഇക്കാര്യങ്ങളൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്.

പൊതുമേഖലയിൽ

പരിശോധനയില്ല

വനത്തിനുള്ളിൽ പൊതുമേഖല സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന നിർമ്മാണം അടക്കമുള്ളവയുടെ ബില്ലുകൾ ബന്ധപ്പെട്ടവർ പരിശോധനയില്ലാതെ പാസാക്കാനാണ് വനംവിജിലൻസ് നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാർ അംഗീകാരമുള്ള ഏജൻസികളുടെ പ്രവൃത്തികൾ വനം ഉദ്യോഗസ്ഥർ പൊതുവായ മേൽനോട്ടം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. കഴിഞ്ഞ മാസം സൈലന്റ് വാലിയിൽ ചേ‌ർന്ന വനംവിജിലൻസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ പൊതുമേഖല സ്ഥാപനങ്ങളെ മുന്നിൽനിറുത്തി കരാർ ഏറ്റെടുക്കുന്ന സ്വകാര്യ വ്യക്തികളും അതിന് പിന്നിലുള്ള വകുപ്പിലെ ഉദ്യോഗസ്ഥരും വ്യാപകമായി ക്രമക്കേടുകൾ നടത്തുകയാണെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.