പരിസ്ഥിതി പ്രവർത്തനത്തിൽ നിന്ന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
കോഴിക്കോട്: തന്റെ ചുറ്റുപാടിലെ ജനജീവിതത്തെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ നാലുവർഷം മുമ്പു മുതലാണ് ജീജാബായി സജീവമായി ഇടപെട്ടു തുടങ്ങിയത്. സരോവരം തണ്ണീർത്തടത്തെ കുപ്പത്തൊട്ടിയാക്കുന്നതിനും നികത്തുന്നതിനുമെതിരെ പ്രതികരിക്കാൻ പലരും മടിച്ചപ്പോളാണത്. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി തന്റെ പ്രവർത്തനത്തിന് പുതിയ മാനം കണ്ടെത്തുകയാണ് വാഴത്തിരുത്തി പത്മസൗധത്തിൽ ജീജാബായി. സിവിൽസ്റ്റേഷൻ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. പ്രാദേശിക പരിസ്ഥിതി പ്രശ്നത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയാണ് മത്സരത്തിനിറങ്ങിയത്. അതിന് ആത്മവിശ്വാസം പകർന്നത് മാവൂരിലെ പൊതുപ്രവർത്തന പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലവും. ചെറുപ്പം മുതൽ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച കർഷക കുടുംബാംഗമാണ് ബിരുദധാരിയായ ജീജാബായി. കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ ഫാക്കൽറ്റിയായി വയനാട്, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി ഏഴ് ജില്ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുക്കുന്ന കുട്ടികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്ന സൗജന്യ പദ്ധതിയായിരുന്നു അത്. കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജരായി വിരമിച്ച സന്തോഷ് ഹെൻറി ഡേവിഡാണ് ഭർത്താവ്. കാലിക്കറ്റ് യൂണി. ചെസ് ചാമ്പ്യനായിരുന്നു. മകൻ ആകാശ് ദുബെെയിൽ കമ്പനി ഉദ്യോഗസ്ഥൻ. സൗദാമിനിയാണ് അമ്മ.
ആത്മധെെര്യം പകർന്ന് ദെെവദശകം
അച്ഛൻ പത്മനാഭന് കൃഷിയും വ്യാപാരവുമുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യകാല പ്രവർത്തകനുമാണ്. മാവൂരിൽ ശാഖയുണ്ടാക്കാൻ അദ്ദേഹം പ്രവർത്തിച്ചു. എസ്.ആർ.പി പ്രവർത്തകൻ കൂടെയായിരുന്നു അദ്ദേഹം. മാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അന്നത്തെ ഇ.എസ്.എൽ.സി വരെ പഠിച്ച അദ്ദേഹം പാഠപുസ്തകത്തിൽ നിന്നറിഞ്ഞ, ഛത്രപതി ശിവജിയുടെ അമ്മയുടെ പേരാണ് ജീജാബായിക്കിട്ടത്.