വർഷം 68 കഴിഞ്ഞിട്ടും മങ്ങാതെ കാളപ്പെട്ടി ചുവരെഴുത്ത്
കൊച്ചി: ഓരോ തിരഞ്ഞെടുപ്പ് കാലത്തും ആദ്യ തിരഞ്ഞെടുപ്പിന്റെ ഓർമ്മകൾ കൊച്ചിക്കാർക്ക് സമ്മാനിക്കുന്ന, കാലത്തിനും മായ്ക്കാൻ കഴിയാത്ത ചുവരെഴുത്ത് പരസ്യമുണ്ട് ഇടപ്പള്ളി മാർക്കറ്റിലെ ഇടപ്പള്ളി പള്ളിയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ ചുവരിൽ. 1957ൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി നിയമസഭയിലേക്കു മത്സരിച്ച എ.വി. ജോസഫിനും ലോക്‌സഭയിലേക്കു മത്സരിച്ച എ.എം. തോമസിനും വേണ്ടി കോൺഗ്രസ് പ്രവർത്തകർ എഴുതിയതാണ് ഈ ചുവരെഴുത്ത്. മരത്തിന്റെ ഇലകളും ഇഷ്ടികപ്പൊടിയും ചാലിച്ചുണ്ടാക്കിയ നിറക്കൂട്ടു കൊണ്ടുള്ളതാണ് ഈ ചുവരെഴുത്ത്. അക്കാലത്ത് യൂത്ത് കോൺഗ്രസ് ഓഫീസായിരുന്നു ഈ കെട്ടിടം.
അന്ന് കുന്നത്തുനാട് നിയോജക മണ്ഡലമായിരുന്നു ഈ പ്രദേശം. കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പു ചിഹ്നമായിരുന്നു കാളപ്പെട്ടി. ആ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്കു രണ്ടാംവട്ടവും എ.എം. തോമസ് വിജയിക്കുകയും നിയമസഭയിലേക്കു മത്സരിച്ച എ.വി. ജോസഫ് പരാജയപ്പെടുകയും ചെയ്തിരുന്നു. എ.വി. ജോസഫ് 1948ൽ കുന്നത്തുനാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു തിരുവിതാംകൂർ-കൊച്ചി നിയമസഭയിൽ അംഗമായിരുന്നു.