ചാകരക്കാലത്ത് ദുരിതപ്രിന്റിംഗ്!

Monday 17 November 2025 2:50 AM IST

കൊച്ചി: ചാകരക്കാലത്ത് അസംസ്‌കൃത വസ്തുവായ പോളിഎത്തിലീന്റെ ലഭ്യതക്കുറവിൽ ഫ്ളക്സ് പ്രിന്റിംഗ് മേഖല നട്ടംതിരിയുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെങ്കിലും ഏറ്റെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പ്രിന്റിംഗ് മേഖലയിലെ പ്രമുഖ സംഘടനയായ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രിയൽ അസോസിയേഷൻ മുൻകൈയെടുത്ത് തമിഴ്‌നാട്ടിലെ കമ്പനി മുഖേന എത്തിച്ച പോളിഎത്തിലീൻ ഉപയോഗിച്ചാണ് പിടിച്ചുനിൽക്കുന്നത്. പോളികോട്ടൺ, പോളിഎത്തിലീൻ എന്നിവയിലാണ് ഫ്ലക്സ് പ്രിന്റ് ചെയ്യുന്നത്.

ഒരു വൻകിട കമ്പനിയാണ് രാജ്യത്ത് പോളിഎത്തിലീനിന്റെ വില്പന നിയന്ത്രിക്കുന്നത്. സ്‌ക്വയർ ഫീറ്റിന് 10 രൂപയും ജി.എസ്.ടിയുമാണ് ഇവരുടെ നിരക്ക്. പ്രിന്റിംഗിന്റെ ഗുണനിലവാരമടക്കം മോശമായ ഇവയ്ക്ക് പകരമായാണ് ചൈനയിൽ നിന്ന് അസോസിയേഷൻ പോളിഎത്തിലീൻ ഇറക്കുമതി ചെയ്യിച്ചത്. ഇതിന് ആറ് രൂപയും ജി.എസ്.ടിയുമാണ് നിരക്ക്. വൻകിട കമ്പനിക്ക് മുന്നിൽ മുട്ടുമടക്കേണ്ടെന്ന നിലപാടിൽ മുന്നോട്ട് പോകുകയാണ് അസോസിയേഷൻ.

പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം കർശനമായതോടെയാണ് ഫ്ലക്സുകൾക്ക് നിരോധനം വന്നത്. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രിന്റിംഗ് തുണിയിലേക്ക് മാറി. ഇതിനിടെയാണ് റീസൈക്കിൾ ചെയ്യാൻ കഴിയുന്ന പോളികോട്ടൺ, പോളിഎത്തിലീൻ എന്നിവയിൽ പ്രിന്റിംഗിന് അനുമതി നൽകിയത്. വലിയ പ്രതീക്ഷയോടെയാണ് തീരുമാനത്തെ മേഖല സ്വീകരിച്ചത്. ലഭ്യതക്കുറവ് പ്രതീക്ഷകളെ അസ്ഥാനത്താക്കി.

 തിരിച്ചെടുക്കും കട്ടായം

അസോസിയേഷനിന് കീഴിൽ 1200 യൂണിറ്റുകളും ഒരുലക്ഷത്തിലധികം തൊഴിലാളികളുമാണുള്ളത്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പ്രിന്റ് ചെയ്യുന്ന ഫ്ലക്സുകൾ ഉപയോഗശേഷം അസോസിയേഷൻ തന്നെ പണം നൽകി തിരിച്ചെടുക്കും. പോളികോട്ടന് 100 കിലോയ്ക്ക് 500രൂപയും പിന്നീടുള്ള ഓരോ കിലോയ്ക്കും 8 രൂപയുമാണ് നിരക്ക്.

 1250 രൂപ വരെ

കോട്ടൺ ഫ്ലക്സിന് 700-750 രൂപ പ്രിന്റിംഗിന് ചെലവാകുമ്പോൾ വണ്ടിക്കൂലിയടക്കം ആയിരം രൂപയോളമാകും. പോളിഎത്തിലീൻ ഫ്ലക്സിന് 1250 രൂപയെങ്കിലുമാകും. ഓർഡറുകളുള്ളതിനാൽ രാത്രിയിലും പണിയിലാണ് പ്രിന്റിംഗ് യൂണിറ്റുകൾ. ആറടി ഉയരവും നാലടി വീതിയുമുള്ള ബോർഡുകൾക്കാണ് ചെലവ് കൂടുതൽ.