'കുപ്പി' ചോദിച്ചെത്തി; കിട്ടിയത് മുട്ടൻ ഇടി !
കൊച്ചി: അച്ഛനിൽ നിന്ന് ബ്ലാക്കിൽ വിദേശമദ്യം വാങ്ങാൻ എത്തിയവരെ മകൻ അടിച്ച് നിലംപരിശാക്കി. എറണാകുളം ചേരാനെല്ലൂരിലാണ് കുപ്പി പ്രതീക്ഷിച്ച് എത്തിയവർക്ക് മുട്ടൻ ഇടി കിട്ടിയത്. കഴിഞ്ഞ 10നായിരുന്നു സംഭവം. പരിക്കേറ്റ യുവാവിന്റെ പരാതിയിൽ 26കാരനെതിരെയും ഇയാളുടെ സഹോദരിയുടെ പരാതിയിൽ മദ്യം വാങ്ങാൻ എത്തിയവർക്കെതിരെയും കേസെടുത്തു.
യുവാവിന്റെ അച്ഛൻ ബിവറേജസിൽ നിന്ന് മദ്യം സംഭരിച്ച് കൂടിയ വിലയ്ക്ക് കച്ചവടം ചെയ്തുവരികയായിരുന്നു. മകന് അച്ഛന്റെ ബിസിനസിനോട് താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ പലവട്ടം വാക്കുതർക്കമുണ്ടായിരുന്നു. മകന്റെ വിലക്ക് ലംഘിച്ച് പിതാവ് കച്ചവടം തുടർന്നു. ഇതിനിടെയാണ് രാത്രി പത്തരയോടെ 30ഉം 38ഉം വയസ്സുള്ള രണ്ടുപേർ മദ്യം ചോദിച്ചെത്തിയത്.
ഈ സമയം വീട്ടിലുണ്ടായിരുന്ന മകൻ മദ്യം തരില്ലെന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിലെത്തിയത്. അടിപിടിയിൽ 30കാരന് തലയ്ക്ക് പരിക്ക് പറ്റി. നാല് തുന്നിക്കെട്ടുണ്ട്. ഇയാൾ പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 26കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പിന്നീടാണ് ഇരുവർക്കുമെതിരെ കേസെടുക്കുന്നത്. ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
കുത്തനെ കൂടി കേസുകൾ സംസ്ഥാനത്ത് ഈ വർഷം രജിസ്റ്റർ ചെയ്തത് 78,433 അബ്കാരി കേസുകൾ. സെപ്തംബർ വരെയുള്ള കണക്കാണിത്. 2020ൽ കേസുകൾ വെറും 9,569 എണ്ണം മാത്രം. പിന്നീട് കേസുകൾ കുത്തനെ കൂടി. 2024ൽ 81,754 കേസുകളായിരുന്നു.
വർഷം - കേസ് 2020- 9569 2021 - 11952 2022- 40396 2023- 73449 2024- 81754 2025-78433 (സെപ്തംബർ വരെ)