യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം,​ സഹയാത്രികയ്ക്ക് രക്ഷകനായത് ബീഹാർ സ്വദേശി ശങ്കർ

Monday 17 November 2025 12:56 AM IST

ശങ്കർ

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ രക്ഷിക്കുകയും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്ത ചുവന്ന ഷർട്ടുകാരൻ ശങ്കറിനെ റെയിൽവെ പൊലീസ് കണ്ടെത്തി തമ്പാനൂർ സ്റ്റേഷനിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ,​ പ്രതി സുരേഷിനെ തിരിച്ചറിഞ്ഞു. ബീഹാർ നളന്ദ സ്വദേശിയാണ് ശങ്കർ പാസ്വാൻ. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ വ്യവസായ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ബീഹാർ സ്വദേശിയായതിനാൽ മാദ്ധ്യമ വാർത്തകളും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ശങ്കർ അറിഞ്ഞിരുന്നില്ല. സി.സി ടിവി കേന്ദ്രീകരിച്ചും നൂറിലധികം ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് ശങ്കറിനെ കണ്ടെത്താനായതെന്ന് റെയിൽവെ പൊലീസ് പറഞ്ഞു. പ്രതിയെ കീഴ്പ്പെടുത്തിയ ആളെ തെരഞ്ഞ് റെയിൽവെ പൊലീസ് പരസ്യം നൽകിയിരുന്നു. ചുവന്ന ഷർട്ട് ധരിച്ചിരുന്നയാളെന്ന് മാത്രമായിരുന്നു സൂചന. പ്രതി സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനു ശേഷം കൂടെയുണ്ടായിരുന്ന അർച്ചനയെയും ആക്രമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ഷർട്ട് ധരിച്ചയാൾ ഓടിയെത്തി ഒറ്റക്കൈകൊണ്ട് അർച്ചനയെ തിരികെ പിടിച്ചു കയറ്റുന്നത് സി.സി ടിവിയിൽ തെളിഞ്ഞിരുന്നു. തുടർന്ന് ആക്രമിയെ കീഴ്പ്പെടുത്തുന്നതും കാണാം.

സംഭവത്തിനുശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലിറങ്ങിയ ഇയാൾ ഓട്ടോ റിക്ഷയിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പൊലീസ് അന്വേഷണം. രാത്രിയായതിനാൽ ഇയാളെ കൊണ്ടുപോയ ഓട്ടോഡ്രൈവറെ തിരിച്ചറിയാനായില്ല. നൂറിലധികം ഓട്ടോഡ്രൈവറുമായി സംസാരിച്ചു. തുടർന്നാണ് ശങ്കറിനെയും ഒരു സുഹൃത്തിനെയും കൊച്ചുവേളിയിൽ കൊണ്ടുവിട്ട വിവരം ലഭിച്ചത്. ഈ പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബീഹാർ സ്വദേശിയാണെന്നും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വ്യവസായ സ്ഥാപനത്തിൽ ജീവനക്കാരനാണെന്നും കണ്ടെത്തുകയായിരുന്നു.

സംഭവം പുനരാവിഷ്കരിച്ചു

കോട്ടയത്ത് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിനുശേഷം പ്രതി സുരേഷിനെ ഇന്നലെ തമ്പാനൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ച് റെയിൽവെ പൊലീസ് സംഭവം പുനരാവിഷ്കരിച്ചു. സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന കേരള എക്സപ്രസിലായിരുന്നു പുനരാവിഷ്കരണം. മദ്യപിച്ചിരുന്നതിനാൽ ട്രെയിനിൽ എവിടെ വച്ചായിരുന്നു സംഭവമുണ്ടായതെന്ന് ഓർമ്മിയില്ലെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. പുകവലിച്ചത് ചോദ്യം ചെയ്തതിനാണ് ജനറൽ കമ്പാർട്ട്മെന്റിൽ വാതിലിലിരുന്ന ശ്രീക്കുട്ടിയെ പ്രതി ചവിട്ടിത്തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനെയും തള്ളിയിടാൻ ശ്രമിച്ചു. ഇത് പൊലീസ് ഉദ്യോഗസ്ഥരെ ഇരുത്തി പുനരാവിഷ്കരിച്ചു.