വ്യവസായ വകുപ്പ് ഉദ്യോസ്ഥർക്കെതിരായ പരാതി വ്യാജം
തിരുവനന്തപുരം:വ്യവസായ വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റ് നൽകി സ്ഥാനക്കയറ്റം നേടിയെന്ന പരാതി വ്യാജമെന്ന് കണ്ട് നടപടികൾ അവസാനിപ്പിച്ചു. വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജീവനക്കാരന്റെ പരാതിയാണ് തള്ളിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റുകൾ യഥാർത്ഥമെന്ന് തെളിഞ്ഞതോടെ, സസ്‌പെൻഡ് ചെയ്ത് പത്ത് മാസത്തിനു ശേഷം ഇവരെ കുറ്റവിമുക്തരാക്കി സർക്കാർ ഉത്തരവ് ഇറക്കി. ഐ.ഐ.ടി ഖോരഗ്പൂരിന്റെ പേരിലുള്ള സർട്ടിഫിക്കറ്റും അതിലെ ഒപ്പും വ്യാജമാണെന്നും ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് സർവീസ് ബുക്കിലും സീനിയോരിറ്റി ലിസ്റ്റിലും ചേർത്ത് ഇവർ അനധികൃത പ്രൊമോഷൻ നേടി എന്നുമായിരുന്നു ആരോപണം. വ്യവസായ വകുപ്പിലെ സാങ്കേതിക കേന്ദ്രങ്ങളായ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെൻ്ററിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്യാം എസ്, മഞ്ചേരി കോമൺ ഫെസിലിറ്റി സർവീസ് സെൻ്റർ അസിസ്റ്റൻ്റ് ഡയറക്ടർ ഷാൻ പി ആർ എന്നിവരെയാണ് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024 ഡിസംബർ 27 ന് സസ്പെൻ്റ് ചെയ്തത്. തുടർന്ന് വ്യവസായ വകുപ്പ് ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ് ഹിയറിങ്ങ് നടത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി നടത്തിയ തുടരന്വേഷണത്തിലാണ് പത്ത് മാസങ്ങൾക്ക് ശേഷം പരാതി അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞത് .നടപടിക്രങ്ങൾ പാലിക്കാതെ അന്വേഷണം നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ ആഭ്യന്തര വിജിലൻസ് സെൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു..