എങ്ങും ട്വിസ്റ്റ് തൃക്കാക്കരയിൽ യുവ സി.പി.എം നേതാവ് കോൺഗ്രസ് സ്ഥാനാർത്ഥി

Sunday 16 November 2025 11:03 PM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എങ്ങും ട്വിസ്റ്റോട് ട്വിസ്റ്റ്. നാളുകളായി ഒരു പാർട്ടിയിൽ പ്രവർത്തിച്ച് വരുന്നവർ രാത്രി ഇരുട്ടി വെളുക്കുമ്പോൾ മറുപാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതും മറുപക്ഷത്തേക്ക് മാറുന്നതുമാണ് പലയിടത്തും കാഴ്ചകൾ. തൃക്കാക്കരയാണ് ഞെട്ടിച്ചത്. നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ നൗഷാദ് പല്ലച്ചി സിറ്റിംഗ് വാർഡിൽനിന്ന് അപ്രതീക്ഷിതമായി പിൻമാറിയതിനു പിന്നാലെ സി.പി.എമ്മിന്റെ യുവനേതാവായ എസ്.എഫ്.ഐ ജില്ലാക്കമ്മിറ്റി മുൻ അംഗം എം.എസ്. ശരത് കുമാറിനെ ഇവിടെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് സകലരെയും ഞെട്ടിച്ചു.

നഗരസഭയിലെ 15-ാം വാർഡിൽ നൗഷാദ് പല്ലച്ചി സ്ഥാനാർത്ഥിയാകുമെന്നും കോൺഗ്രസ് അധികാരം പിടിക്കുകയും പല്ലച്ചി വിജയിക്കുകയും ചെയ്താൽ ചെയർമാനാകുമെന്നുമായിരുന്നു പരക്കെയുള്ള പ്രചാരണം. ശരത് കുമാർ ഇവിടെ സി.പി.എം സ്ഥാനാർത്ഥിയാകുമെന്നും ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ, സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ ആശാ പ്രവർത്തക മുംതാസ് ഷെരീഫിനെ സി.പി.എം കളത്തിലിറക്കി. മണിക്കൂറുകൾ പിന്നിടും മുൻപാണ് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം.

മുമ്പ് ശത്രു,​ ഇപ്പോൾ മിത്രം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയായിരുന്ന ആന്റണി ജൂഡിയെ സ്വന്തം പാളയത്തിലെത്തിച്ചാണ് കോൺഗ്രസുകാർ അടുത്ത ട്വിസ്‌റ്റൊരുക്കിയത്. കൊച്ചി കോർപറേഷനിലെ രവിപുരം പത്താം ഡിവിഷനിൽ ആന്റണി ജൂഡിയെ കോൺഗ്രസ് സർപ്രൈസ് സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി, എറണാകുളം തുടങ്ങിയ രണ്ടു സീറ്റുകളിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്. എറണാകുളത്ത് മത്സരിച്ച ആന്റണി ജൂഡി നാൽപതിനായിരത്തിലേറെ വോട്ടുകൾ നേടിയിരുന്നു.

കോർപ്പറേഷനിലെ ചെറളായി ഡിവിഷനിൽ മുൻ ബി.ജെ.പി നേതാവ് ശ്യാമള പ്രഭുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് കോൺഗ്രസ്. ഈ സീറ്റൊഴികെ എല്ലായിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ദീർഘകാലം ബി.ജെ.പി കൗൺസിലറായിരുന്ന ഇവരെ അനുനയിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന നേതാക്കൾ വരെ എത്തിയെങ്കിലും തീരുമാനത്തിൽ നിന്ന് മാറാൻ ശ്യാമള പ്രഭു തയാറായില്ല.

തിരിച്ചടി

ട്വിസ്റ്റുകളൊരുക്കിയ കോൺഗ്രസിന് ഒരു തിരിച്ചടിയും കിട്ടി. കളമശേരിയിൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് എൽ.ഡി.എഫിലേക്ക് മാറിയതും അപ്രതീക്ഷിതമായാണ്. അൻവർ കരീം ഞാക്കടയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽ.ഡി.എഫിൽ ചേർന്നത്. ഇയാൾ കളമശേരി നഗരസഭയിലെ എച്ച്.എം.ടി എസ്റ്റേറ്റ് (12) വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും.