വമ്പന്‍ ഓഫര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍;സാധാരണക്കാരന് കോളടിക്കും, സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളി
കൊച്ചി: ഉപഭോക്താക്കള്‍ സമ്മാനമായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം രണ്ട് ജി.ബി ഡാറ്റ, അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പ്ലാന്‍. നിരവധി ആനുകൂല്യങ്ങളുള്ള ഈ പ്ലാനിന് 50 ദിവസമാണ് വാലിഡിറ്റി ലഭിക്കുക. ഇതിനായി മുടക്കേണ്ടി വരുന്നതാകട്ടെ വെറും 347 രൂപ മാത്രമാണ്. സാധാരണഗതിയില്‍ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ ഈ തുകയ്ക്ക് പരമാവധി 28 ദിവസത്തെ വാലിഡിറ്റി മാത്രം നല്‍കുമ്പോഴാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ 50 ദിവസത്തെ വാലിഡിറ്റി നല്‍കുന്നത്.
നിലവില്‍ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളില്‍ ആരും ഇത്തരത്തില്‍ 50 ദിവസം കാലാവധിയുള്ള പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നില്ല. ഈ പ്ലാന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പ്രതിദിനം ഏഴ് രൂപയില്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ബിഎസ്എന്‍എല്‍ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ടെലികോ സേവന ദാതാക്കള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മുതല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. നിരവധി പേര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുന്നതിനും കുറഞ്ഞ നിരക്കിലെ പ്ലാനുകള്‍ സഹായകമായി.
സ്വകാര്യ കമ്പനികള്‍ക്ക് 50 ദിവസത്തെ പ്ലാനുകള്‍ക്ക് പകരം 56 ദിവസത്തെ പ്ലാനുകളാണുള്ളത്. എന്നാല്‍ ഇതിനായി ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനിന്റെ നിരക്കിനേക്കാള്‍ ഇരട്ടിയോട് അടുത്ത തുക നല്‍കണം. അതുകൊണ്ട് തന്നെ പുതിയ പ്ലാന്‍ തങ്ങള്‍ക്ക് കൂടുതല്‍ കസ്റ്റമേഴ്‌സിനെ സമ്മാനിക്കുമെന്നാണ് ബിഎസ്എന്‍എല്‍ കണക്ക് കൂട്ടുന്നതും. ബിഎസ്എന്‍എല്‍ അവരുടെ 50 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങള്‍ സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്.
ഈ പ്ലാനില്‍ സൗജന്യ ദേശീയ റോമിംഗും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇത് കൂടാതെ ബിഐടിവി ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് 350 ലധികം ലൈവ് ടിവി ചാനലുകള്‍ കാണാനും അവസരമുണ്ട്. മെച്ചപ്പെട്ട നെറ്റ് വര്‍ക്കിലൂടെ ഫോണ്‍കോളുകള്‍ക്ക് അനുയോജ്യമെന്ന് അവകാശപ്പെടുമ്പോഴും ഡാറ്റയുടെ വേഗതയില്ലായ്മ ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിച്ച് അടുത്ത വര്‍ഷം ആദ്യത്തോടെ 5ജി സംവിധാനത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍.