ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും പ്രതിഷേധം
കോഴിക്കോട്: കോർപ്പറേഷനിലേക്കുള്ള ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും പ്രതിഷേധം ശക്തം. പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂഴിക്കലിൽ നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. 2020 ൽ ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് പരീക്ഷിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്ന വനിതാ ലീഗ് നേതാവിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് രാജി. കോഴിക്കോട് നോർത്ത് മണ്ഡലം വനിതാ ലീഗ് മുൻ പ്രസിഡന്റ് കൂടിയായ സാജിദ മുസ്തഫയും ഭർത്താവും മണ്ഡലം യു.ഡി.എഫ് ചെയർമാനും മേഖലാ ലീഗ് പ്രസിഡന്റുമായ മുസ്തഫ മൂഴിക്കലുമാണ് രാജിവെച്ചത്. ജമാ അത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ചെറുവണ്ണൂരും മൂഴിക്കലും കഴിഞ്ഞ തവണ ജമാ അത്തിന് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് സാജിദ മുസ്തഫയും മുസ്തഫ മൂഴിക്കലുമടക്കം നിരവധി പേർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്നു. ഇതാണ് സാജിദ മുസ്തഫയെ തഴഞ്ഞ് സാജിദാ ഗഫൂറിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ കാരണമെന്നാണ് ആരോപണം. മുഖദാർ, കുറ്റിച്ചിറ, അരക്കിണർ, നല്ലളം, പയ്യാനക്കൽ, നദീ നഗർ, മൂന്നാലിങ്കൽ, പന്നിയങ്കര, കോവൂർ ഡിവിഷനുകളിലെ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെയും എതിർപ്പ് നിലനിൽക്കുന്നുണ്ട്. വാർഡ് കമ്മിറ്റികൾ ഉയർത്തിയ എതിർപ്പ് അവഗണിച്ചാണ് കുറ്റിച്ചിറയിൽ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ ലീഗ് സ്ഥാനാർത്ഥിയാക്കിയത്. എം.എസ്.എഫ് നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഹരിത നേതാക്കളുടെ പരാതി കേൾക്കാത്ത പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധമുയർത്തിയ ഫാത്തിമയ്ക്കെതിരെ നേരത്തെ ലീഗ് നടപടിയെടുത്തിരുന്നു.