റീല് കണ്ടോ..? ഷെയർ ചെയ്യണേ, സ്റ്റാറ്റസ് ഇടണേ..
കോഴിക്കോട്: അപ്പഴേ വാട്സാപ്പിൽ വീഡിയോ അയച്ചിട്ടുണ്ടേ... കാണണം, ലെെക്ക് അടിക്കണം, ഷെയർ ചെയ്യണം. പിന്നെ സ്റ്റാറ്റസും ഇടണം. തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ സ്ഥാനാർത്ഥികളുടെ ന്യൂജൻ വോട്ട് രീതികൾ റീലുകളായും ഷോട്ട് വീഡിയോകളായും സമൂഹമാദ്ധ്യമങ്ങൾ 'തൂക്കു'കയാണ്. വോട്ട് പെട്ടിയിലാക്കണമെങ്കിൽ ഇ' തലമുറയുടെ ഒപ്പം സഞ്ചരിച്ചാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിൽ എല്ലാ മുന്നണികളും നേരത്തേ തന്നെ റീൽസുകൾകൊണ്ട് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ ചെറു വീഡിയോകളായും ട്രോളുകളായും പോസ്റ്റുകളായും ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമാണ്. മാത്രമല്ല കമന്റുകളിൽ ഗൗരവമായ ചർച്ചകളുമുണ്ട്. പ്രായഭേദമന്യേ റീലുകളുമായി എല്ലാവരും രംഗത്തുണ്ട്. സ്ഥാനാർത്ഥികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഫേസ്ബുക്ക് പേജുകളും ഇതിനായുണ്ട്. പ്രഖ്യാപനം നടത്തിയ മുന്നണികളിലെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽക്കണ്ടുള്ള പ്രചാരണ പരിപാടികൾക്കും തുടക്കമിട്ടു.
ട്രോളുണ്ട് പാരഡിയും
പയറ്റിത്തെളിഞ്ഞ തന്ത്രങ്ങളായ പാരഡി ഗാനാലാപനം പോലുള്ളവയും സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്നുണ്ട്. താരങ്ങളുടെ സിനിമയിലെ ഹിറ്റ് ഗാനങ്ങളും മ്യൂസിക്കുകളും ഉപയോഗിച്ചുള്ള വീഡിയോകളും തരംഗമാവുകയാണ്. ട്രോളുകിട്ടിയാലും കുഴപ്പമില്ല വോട്ട് കിട്ടണമെന്നാണ് മറ്റു ചിലരുടെ പക്ഷം. കോർപ്പറേഷനിലെ അത്താണിക്കൽ വാർഡ് കോൺഗ്രസ് സ്ഥാനാർഥി ടി. പ്രശാന്ത് പ്രഖ്യാപനംമുതൽ തൻ്റെ പാട്ടുകൾകൊ ണ്ട് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. എല്ലാ മുന്നണികളും ഇലക്ഷന് മുന്നോടിയായുള്ള പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കി.
ട്രെൻഡായി സിനിമാ ഡയലോഗും
സിനിമാ താരങ്ങളുടെ അകമ്പടിയോടെ ട്രോളുകളാണ് മറ്റൊരു ട്രെൻഡ്. തന്നെ ഒന്നു ട്രോളിയാലും കുഴപ്പമില്ല വോട്ട് തന്റെ പെട്ടിയിൽ തന്നെ വീഴണമെന്ന കാഴ്ചപ്പാടാണ് സ്ഥാനാർത്ഥികൾക്കുള്ളത്. മൊബൈൽ റിംഗ് ടോണുകളായി വോട്ടഭ്യർത്ഥനയും തരംഗമായിട്ടുണ്ട്. ഒട്ടേറെ സ്ഥാനാർത്ഥികൾ വെബ് സൈറ്റുകളും തുടങ്ങി.