തീർത്ഥാടകർക്ക് ദുരി​തം, അച്ചൻകോവിൽ - കോന്നി വനപാത സഞ്ചാരയോഗ്യമാക്കണം

Monday 17 November 2025 12:29 AM IST
അച്ചൻകോവിൽ കോന്നി വനപാത

കോന്നി : ശബരിമല തീർത്ഥാടകർ കാൽനടയായി സഞ്ചരിക്കുന്ന അച്ചൻകോവിൽ - കല്ലേലി - കോന്നി വനപാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. അച്ചൻകോവിൽ - ചിറ്റാർ മലയോര ഹൈവേയുടെ ഭാഗമാണ് ഈ വനപാത. വനംവകുപ്പിന്റെ കല്ലേലി ചെക്കുപോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കാനനപാത പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. റോഡിന്റെ ഇരുഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ​വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള ഈ വനപാതയിലെ വശങ്ങളിലെ കാടുകളും തെളി​ക്കേണ്ടതുണ്ട്. റോഡിലെ വളവുകളിൽ പുല്ലുകൾ വളർന്നുനിൽക്കുന്നതിനാൽ കാട്ടാനകൾ റോഡ് അരികിൽ നിന്നാൽ യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല. വനംവകുപ്പ് രാത്രികാലത്ത് ഇവി​ടെ യാത്ര അനുവദിക്കാറില്ല. പകൽ ഈ റോഡിലൂടെ സഞ്ചരിക്കുന്നതിന് വനംവകുപ്പിന്റെ കല്ലേലി ചെക്ക് പോസ്റ്റിൽ നിന്ന് അനുമതി വാങ്ങണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് വരുന്ന ഭക്തജനങ്ങളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.

പരമ്പരാഗത വനപാത

ത​മി​ഴ്നാ​ട് കു​റ്റാ​ല​ത്ത് നി​ന്ന്​ ചെ​ങ്കോ​ട്ട, മേ​ക്ക​ര, കോ​ട്ട​വാ​സ​ൽ, അ​ച്ച​ൻ​കോ​വി​ൽ, ആ​വ​ണി​പ്പാ​റ, മ​ണ്ണാ​റ​പ്പാ​റ, കു​ട​മു​ക്ക്, ക​ടി​യാ​ർ, ന​ടു​വ​ത്തു​മൂ​ഴി, ക​ല്ലേ​ലി, അ​രു​വാ​പ്പു​ലം വ​ഴി കോന്നി എ​ലി​യ​റയ്​ക്ക​ൽ എ​ത്തു​ന്ന പരമ്പരാഗത വനപാതയാണിത്.

അറ്റകുറ്റപ്പണികളി​ല്ല

കുഴിയായ പാത അപകടക്കെണിയാണ്. അ​ച്ച​ൻ​കോ​വി​ലി​ൽ​ നി​ന്ന്​ പ്ലാ​പ്പ​ള്ളി വ​രെ​യു​ള്ള 100 കി​ലോ​മീ​റ്റ​ർ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ നേരത്തെ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രുന്നു. ചെ​ങ്കോ​ട്ട​യി​ൽ​നി​ന്ന് വ​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ ലാ​ഭി​ച്ച് കോ​ന്നി​വ​ഴി പ​മ്പ​യി​ൽ എ​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ് ‌ഇൗ പാ​ത. അച്ചൻകോവിൽ , കോന്നി വനം ഡിവിഷനുകളുടെ പരിധിയിലെ വനമേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. ശബരിമല നിറപുത്തരി ആഘോഷത്തിനുള്ള നെൽക്കതിരുകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും കടന്നുപോകുന്നത് ഈ വനപാതയിലൂടെയാണ്.

റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

അഡ്വ.സി.വി.ശാന്തകുമാർ

(പ്രസിഡന്റ് കല്ലേലി, ഊരാളി അപ്പൂപ്പൻകാവ് ട്രസ്റ്റ്‌)