തിരക്കിലമർന്ന് ശബരിമല

Monday 17 November 2025 12:32 AM IST

ശബരിമല : മണ്ണിലും മനസിലും ശരണാരവങ്ങൾ മുഴങ്ങിയ സന്ധ്യയിൽ തീർത്ഥാടക സഹസ്രങ്ങൾ പടിപതിനെട്ടും ചവിട്ടി കാനനവാസനെ കണ്ടുവണങ്ങിയതോടെ വീണ്ടും ഒരു മണ്ഡലകാലത്തിന് പൂങ്കാവനം തിരിവച്ചു. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകർന്നപ്പോൾ

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദിനെയും മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.

തീർത്ഥാടകർ സന്നിധാനത്തേക്ക് കടന്നതോടെ സ്വാമി...അയ്യപ്പ മന്ത്രങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. ജനപ്രതിനിധികളും ദേവസ്വം ബോർഡ് പ്രതിനിധികളും ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. ഇന്നലെ പുലർച്ചെ മുതൽക്കേ തീർത്ഥാടകർ ഇരുമുടിക്കെട്ടുമേന്തി ദർശനത്തിനായി എത്തിയിരുന്നു. തിരക്ക് ഏറിയതോടെ രാവിലെ 11 മുതൽ മല ചവിട്ടാൻ തീർത്ഥാടകർക്ക് അനുമതി നൽകി. ആദ്യ ദിവസംതന്നെ പൂങ്കാവനം വലിയ തിരക്കിന് സാക്ഷ്യം വഹിച്ചു. ഇന്ന് പുലർച്ചെ 3ന് വൃശ്ചികപ്പുലരിയിൽ മണ്ഡലകാല പൂജകൾക്കായി പുതിയ മേൽശാന്തിമാരാണ് ക്ഷേത്ര നടകൾ തുറക്കുക. ഇന്നലെ പ്രത്യേക പൂജകൾ ഒന്നുമുണ്ടായിരുന്നില്ല.