അഞ്ചാമത് ഗുജറാത്ത് റോബോ ഫെസ്റ്റിൽ അമൃതക്ക് അഭിമാന നേട്ടം
കരുനാഗപ്പള്ളി: ഗുജറാത്ത് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സീനിയർ ലെവൽ റോബോഫെസ്റ്റ് - ഗുജറാത്ത് 5.O യിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ വിദ്യാർത്ഥികൾ ഉജ്ജ്വല വിജയം നേടി. പ്രൊഫ.പി.ആർ.ജയശ്രീ, ഡോ പ്രമോദ് ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ നാലുപേർ വീതമുള്ള നാല് ടീമുകളാണ് റോബോഫെസ്റ്റിൽ പങ്കെടുത്ത് നേട്ടം കൈവരിച്ചത്. ഓട്ടോണോമസ് അണ്ടർവാട്ടർ വെഹിക്കിൾ റോബോട്ട്, ഓട്ടോണോമസ് മെയ്‌സ് സോൾവെർ റോബോട്ട്, ഇന്റലിജന്റ് ഗ്രൗണ്ട് വെഹിക്കിൾ കോമ്പറ്റിഷൻ റോബോട്ട് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് നാല് ടീമുകളും വിജയികളായത്. വിജയികൾ രണ്ടു ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസിനും അർഹരായി. വിവിധ വിഷയങ്ങളിൽ റോബോട്ടിക്സ് ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ നടക്കുന്ന റോബോഫെസ്റ്റ് – ഗുജറാത്ത്. മികച്ച ആശയങ്ങൾക്കും പ്രോജക്റ്റ് നിർമ്മാണത്തിനുമുള്ള അംഗീകാരമാണ് അമൃതയിലെ ടീമുകൾക്ക് ലഭിച്ചത്.