റഷ്യൻ എണ്ണ വിട്ടൊരു കളിയില്ലാതെ ഇന്ത്യ

Tuesday 18 November 2025 12:21 AM IST

ഒക്ടോബറിൽ വാങ്ങിയത് 290 കോടി ഡോളറിന്റെ ക്രൂഡ്

കൊച്ചി: അമേരിക്കയുടെ റഷ്യൻ ഉപരോധത്തിനിടെയിലും ഒക്ടോബറിൽ മോസ്‌കോയിൽ നിന്ന് ഇന്ത്യ 290 കോടി ഡോളറിന്റെ ക്രൂഡോയിൽ വാങ്ങി വ്യാപാരം ശക്തമാക്കി. ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങുന്ന രാജ്യമെന്ന പദവി കഴിഞ്ഞ മാസവും ഇന്ത്യ നിലനിറുത്തിയെന്ന് യൂറോപ്പിലെ മുൻനിര ഗവേഷണ ഏജൻസിയായ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ളീൻ എയർ വ്യക്തമാക്കി. റഷ്യയിലെ പ്രമുഖ എണ്ണ ഉത്‌പാദകരായ റോസ്‌നെഫ്‌റ്റ്, ലുക്കോയിൽ എന്നിവയ്ക്ക് എതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം പിഴച്ചുങ്കം ഏർപ്പെടുത്തിയതിന് ശേഷം റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറച്ചുവെന്ന ട്രംപിന്റെ അവകാശ വാദത്തിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഒക്ടോബറിൽ റഷ്യ മൊത്തം ആറ് കോടി ബാരൽ ക്രൂഡോയിലാണ് കയറ്റി അയച്ചത്. ഇതിൽ 4.5 കോടി ബാരലിന്റെ വിൽപ്പന നടത്തിയത് റോസ്‌നെഫ്‌റ്റും ലൂക്കോയിലുമാണ്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 81 ശതമാനവും ക്രൂഡോയിലാണ്. എണ്ണ വിലയിൽ വാഗ്ദാനം ചെയ്യുന്ന വലിയ ഇളവാണ് ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ ക്രൂഡിൽ പ്രിയം വർദ്ധിപ്പിക്കുന്നത്.