സ്വർണാഭരണ കയറ്റുമതിയിൽ തിളക്കം കുറയുന്നു

Tuesday 18 November 2025 12:21 AM IST

ഒക്ടോബറിൽ കയറ്റുമതിയിൽ 31 ശതമാനം ഇടിവ്

കൊച്ചി: അമേരിക്കയിലെ തീരുവ വർദ്ധനയിൽ രാജ്യത്തെ വജ്ര, സ്വർണാഭരണ കയറ്റുമതി മേഖല ആടിയുലയുന്നു. ജെംസ് ആൻഡ് ജുവലറി കയറ്റുമതി പ്രോത്‌സാഹന കൗൺസിലിന്റെ(ജി.ജെ.ഇ.പി.സി) കണക്കുകളനുസരിച്ച് ഒക്ടോബറിൽ ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി 30.57 ശതമാനം ഇടിഞ്ഞ് 216.81 കോടി ഡോളറിലെത്തി(19,172 കോടി രൂപ). മുൻവർഷം ഇതേകാലയളവിൽ 312.17 കോടി ഡോളറിന്റെ(26,237.1 കോടി രൂപ) വജ്ര, സ്വർണാഭരണങ്ങളാണ് കയറ്റി അയച്ചത്. അമേരിക്കയിൽ തീരുവ വർദ്ധന നിലവിൽ വരുന്നതിന് മുൻപായി രാജ്യത്തെ സ്വർണ കയറ്റുമതിക്കാർ വൻ തോതിൽ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതാണ് ഇടിവിന് കാരണം. ബുള്യൻ വിലയിലുണ്ടായ ഇടിവും കയറ്റുമതിക്ക് വെല്ലുവിളിയായി.

കട്ട് ആൻഡ് പോളിഷ്‌ഡ് ഡയമണ്ടുകളുടെ വിൽപ്പന 26.97 ശതമാനം കുറഞ്ഞ് 102.6 കോടി ഡോളറിലെത്തി. മുൻവർഷം ഒക്ടോബറിലിത് 140.48 കോടി ഡോളറായിരുന്നു. ലാബുകളിൽ നിർമ്മിച്ച പോളിഷ്‌ഡ് കൃത്രിമ ഡയമണ്ടുകളുടെ കയറ്റുമതി 34.9 ശതമാനം കുറഞ്ഞ് 9.44 കോടി ഡോളറായി.

ഒക്ടോബറിലെ കയറ്റുമതി

സ്വർണാഭരണ കയറ്റുമതി 28.4 ശതമാനം കുറഞ്ഞ് 7,520.34 കോടി രൂപയിൽ

വെള്ളി ആഭരണ കയറ്റുമതി 16 ശതമാനം കുറഞ്ഞ് 1,072.81 കോടി രൂപയിൽ