റബർ, കുരുമുളക് വിപണികൾ അതിസമ്മർദ്ദത്തിൽ

Tuesday 18 November 2025 12:23 AM IST

കോട്ടയം: ടയർ ലോബിയും ഊഹക്കച്ചവടക്കാരും കൈകോർത്ത് റബർ വില ഇടിക്കാൻ ശ്രമം ശക്തമാക്കുന്നു. ഉത്പന്ന ലഭ്യത കുറയ്ക്കാൻ സ്‌റ്റോക്കിസ്‌റ്റുകൾ വിപണിയിൽ നിന്നു വിട്ടു നിന്നെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. റബർ ബോർഡ് നാലാം ഗ്രേഡ് വില 186 രൂപയിലേക്കും റബർ വ്യാപാരി വില 178 രൂപയിലേക്കും ലാറ്റക്സ് 117 രൂപയിലേക്കും താഴ്ന്നു. അന്താരാഷ്ട്ര വില ബാങ്കോക്ക് 186 രൂപയാണ്.

ഇതിനിടെ റബറിന്റെ താങ്ങുവില കിലോയ്‌ക്ക് 200 രൂപയാക്കി ഉയർത്തി സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനമിറങ്ങി . നവംബർ ഒന്നുമുതൽ കർഷകർ സമർപ്പിക്കുന്ന ബില്ലുകൾക്കാണ് 200 രൂപ താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യാത്യാസം ഇൻസെന്റീവായി ലഭിക്കുന്നത്.

അവധി വില (കിലോയ്‌ക്ക്)

ചൈന 180 രൂപ

ടോക്കിയോ - 177 രൂപ

ബാങ്കോക്ക് - 186 രൂപ

##############

കുരുമുളക് ഉപഭോഗം കുറയുന്നു

ഉത്സവ കാലം കഴിഞ്ഞതോടെ കുരുമുളകിന് ക്ഷീണ കാലം ആരംഭിച്ചു . ഉത്തരേന്ത്യൻ ഡിമാൻഡില്ലാതായതോടെ കിലോയ്ക്ക് ഒൻപത് രൂപയാണ് കുറഞ്ഞത്. രണ്ടാഴ്ചയിൽ 15 രൂപയുടെ കുറവ്.

എട്ടു ശതമാനം നികുതിയിൽ ശ്രിലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇഷ്ടം പോലെ കുരുമുളക് എത്തുന്നതാണ് വിപണിയിൽ തിരിച്ചടിയാകുന്നത്. പുനർകയറ്റുമതിക്കായി എത്തിക്കുന്ന മുളക് കയറ്റുമതിക്കാർ അനധികൃതമായി ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുകയാണ്. ഇറക്കുമതി തീരുവ ഉയർത്തണമെന്ന ആവശ്യവുമായി കർഷകർ രംഗത്തുണ്ട്. വിയറ്റ്നാം ,ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ശ്രീലങ്കൻ മുളകെന്ന പേരിൽ ഇറക്കുമതി ചെയ്യുന്നു . ഇതോടെ ഹൈറേഞ്ചിലെ കുരുമുളക് കർഷകർ പ്രതിസന്ധിയിലായി. ഇറക്കുമതി ഉത്‌പന്നം നാടൻ കുരുമുളകിൽ കലർത്തിയും കയറ്റുമതി ചെയ്യുന്നുണ്ട്. അതേസമയം കുരുമുളകിന്റെ പകരത്തീരുവ ഒഴിവാക്കാനുള്ള ട്രംപിന്റെ തീരുമാനം കയറ്റുമതി മേഖലയ്ക്ക് ഗുണമാകും.

കയറ്റുമതി നിരക്ക്

ഇന്ത്യ -8100 ഡോളർ

ഇന്തോനേഷ്യ -7200 ഡോളർ

ശ്രീലങ്ക -7000 ഡോളർ

ശ്രീലങ്ക -7000 ഡോളർ

വിയറ്റ്നാം- 6600 ഡോളർ

ബ്രസീൽ -6000 ഡോളർ