വിമത ശല്യം, കാലുവാരൽ ഉൾപ്പോരിലാണ്ട് മുന്നണികൾ

Monday 17 November 2025 12:27 AM IST

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി മൂന്നു നാൾ പിന്നിട്ടപ്പോൾ വിമതരും,പരസ്പരം കാലുവാരലുകളും മൂന്ന് മുന്നണികൾക്കും തലവേദന. ഇരുട്ടി വെളുക്കുമ്പോഴേക്കും മറുകണ്ടം ചാടുന്ന നേതാക്കൾ വോട്ട‌ർമാരെയും അമ്പരപ്പിക്കുന്നു. യു.ഡി.എഫിന് ഇതത്ര പുതുമയല്ലെങ്കിലും, കേഡർ പാരമ്പര്യമുള്ള ഇടതുപക്ഷത്തിനും സംഘടനാകാർക്കശ്യമുള്ള ബി.ജെ.പിക്കും വലിയ ക്ഷീണമാണിത്. തെക്കൻ ജില്ലകളിലാണ് വിമത ശല്യം കൂടുതൽ.പത്രിക സമർപ്പണം പൂർത്തിയാവുന്ന മുറയ്ക്ക് തർക്കങ്ങൾ പരിഹരിക്കാമെന്നാണ് മുന്നണി നേതൃത്വങ്ങളുടെ പ്രതീക്ഷയെങ്കിലും പലേടത്തും കാര്യങ്ങൾ കൈവിടുന്ന മട്ടാണ്.

തിരുവനന്തപുരം:

സി.പി.എം മുഖപത്രത്തിന്റെ തലസ്ഥാനത്തെ ബ്യൂറോ ചീഫായിരുന്ന കെ.ശ്രീകണ്ഠൻ കോർപ്പറേഷൻ ഉള്ളൂർ വാർഡിൽ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത് സി.പി.എമ്മിന് പ്രഹരമായി. ലിജുവാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥി. വലിയ രാഷ്ട്രീയ

പാർട്ടിയാകവുമ്പോൾ ചില അപശബ്ദങ്ങളൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞ് മന്ത്രി വി.ശിവൻകുട്ടി നിസാരവത്കരിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര നിസാരമല്ല.

ഏറ്റവും പ്രായം കുറഞ്ഞയാളെന്ന പേരിൽ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയ വൈഷ്ണ സുരേഷിന്, വോട്ടർ പട്ടികയിലെ വീട്ടു നമ്പരിൽ വ്യത്യാസം വന്നതോടെ മത്സരത്തിൽ നിന്ന് പിന്മാറേണ്ട സ്ഥിതിയിണ്.സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിൽ തൃക്കണ്ണാപുരത്ത് ബി.ജെ.പി പ്രവർത്തകൻ ആനന്ദ് കെ.തമ്പി ആത്മഹത്യ ചെയ്തതും നെടുമങ്ങാട് നഗരസഭയിൽ സ്ഥാനാർത്ഥിയാക്കിയ മഹിളാമോർച്ച നേതാവ് ആർ.എസ്.എസുകാരുടെ അവഹേളനത്തിൽ മനം നൊന്ത് ആത്മഹത്യാശ്രമം നടത്തിയതും ബി.ജെ.പിയെ അങ്കലാപ്പിലാക്കുന്നു.

എറണാകുളം

തൃക്കാക്കര നഗരസഭയിൽ എസ്.എഫ്.ഐ മുൻ ജില്ലാക്കമ്മിറ്റി അംഗം എം.എസ്.ശരത്കുമാർ പാലച്ചുവട് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി. യു.ഡി.എഫിന് ഇവിടെ തുടർഭരണം കിട്ടിയാൽ , ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചിയെ പിൻവലിച്ചാണ് സി.പി.എം നേതാവിനെ രംഗത്തിറക്കിയത്. ആശാവർക്കറായ മുംതാസ് ഷെരീഫിനെ തനിക്ക് പകരം സി.പി.എം സ്ഥാനാർത്ഥിയാക്കിയതാണ് ശരത് കുമാറിനെ ചൊടിപ്പിച്ചത്.

കൊല്ലം:

കൊല്ലം നഗരസഭ വടക്കേവിള വാർഡിൽ ബി.ജെ.പി വ്യക്താവ് കേണൽ ബിന്നിക്കെതിരെ വിമത സ്ഥാനാർത്ഥി രംഗത്ത് വന്നെങ്കിലും, തന്ത്രപൂർവം ഒതുക്കാൻ നേതൃത്വത്തിന് സാധിച്ചു. എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധത്തിൽ 10 വാർഡുകളിൽ വിമത സ്ഥാനാർത്ഥികളെ ഇറക്കിയിരിക്കുകയാണ് ഐ.എൻ.എൽ.

ആലപ്പുഴ

ഗ്രാമപഞ്ചായത്ത് തലത്തിൽ മുന്നണിക്കുള്ളിലെ പോരാണ് ആലപ്പുഴയിൽ എൽ.ഡി.എഫിനെ കുഴയ്ക്കുന്നത്. രാമങ്കരി,കുമാരപുരം, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലാണ് പാളയത്തിൽ പട.