വൈഷ്‌ണ സുരേഷ് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം:വോട്ടർ പട്ടികയിൽ നിന്ന് പേരു വെട്ടിയതിനെത്തുടർന്ന് മത്സരിക്കാനാവാത്ത അവസ്ഥയിലായ തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയിലേക്ക്. നാളെ ഹർജി നൽകും. വോട്ടർ പട്ടികയിലെ പേരിനൊപ്പമുള്ള ടി.സി നമ്പർ തെറ്റാണെന്നും മറ്റൊരു വ്യക്തിയുടേതാണെന്നും കാണിച്ച് വൈഷ്ണയുടെ വോട്ട് വെട്ടിയിരുന്നു. സി.പി.എം നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. എന്നാൽ ടി.സി നമ്പർ തെറ്റിയത് തന്റെ പിഴവല്ലെന്നും വോട്ടർ പട്ടികയിലെ പിശകാണെന്നും മറ്റൊരിടത്തും വോട്ടില്ലാത്ത തന്റെ നടപടി കള്ളവോട്ടായി കാണാനാവില്ലെന്നുമാണ് വൈഷ്ണയുടെ വാദം. കളക്ടർക്കും അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണയ്ക്കെതിരെ പരാതിപ്പെട്ട സി.പി.എം പ്രവർത്തകന്റെ വീട്ടുനമ്പരിൽ 22 വോട്ടുകളുണ്ടെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സി.പി.എം മുട്ടട ബ്രാഞ്ച് മെമ്പർ ധനേഷാണ് വൈഷ്ണയ്ക്കെതിരെ പരാതി നൽകിയത്. ധനേഷ് കുമാർ, ടി.സി 18/2464 എന്ന വീട്ടുനമ്പരാണ് സപ്ളിമെന്ററി വോട്ടർ പട്ടികയിൽ ധനേഷിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ടുനമ്പറിൽ വേറെ 21പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. ഇത്രയും പേരുകൾ ഒരു വീട്ടുനമ്പറിൽ വരുന്നത് ക്രമക്കേടാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
താൻ അധികമായി ആരുടേയും പേര് ചേർത്തിട്ടില്ലെന്നും സാങ്കേതിക തകരാർ മൂലമുണ്ടായ പിഴവാകാമെന്നും ധനേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.