ഈഡനിൽ ഇടിത്തീ

Monday 17 November 2025 12:30 AM IST

ഈഡൻ ഗാർഡൻസിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ 30 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

കൊൽക്കത്ത : ലോക ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ അതിദാരുണ പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ ടീം. കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമൊരുക്കിയ പിച്ചിൽ ആദ്യഇന്നിംഗ്സിൽ 30 റൺസ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ രണ്ടു മത്സരപരമ്പരയിൽ സന്ദർശകർ 1-0ത്തിന് മുന്നിലെത്തി.രണ്ട് ഇന്നിംഗ്സുകളിലും നാലുവിക്കറ്റ് വീതം വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമർ പ്ളേയർ ഒഫ് ദ മാച്ചായി.

ഈഡനിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 159 റൺസിൽ ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 189ലേ എത്തിയുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 153ൽ ആൾഔട്ടായി. ഇതോടെ വെറും 124 റൺസ് വിജയലക്ഷ്യമായി കുറിച്ചിട്ടും ഇന്ത്യയ്ക്ക് നേടാനായില്ല. മൂന്നാം ദിവസം ചായയ്ക്ക് പിരിയുന്നതിന് മുമ്പ് ഇന്ത്യ 93 റൺസിൽ ആൾഔട്ടായി. ആദ്യ ഇന്നിംഗ്സിൽ കഴുത്തിന് പരിക്കേറ്റ് പുറത്തുപോയ ശുഭ്മാൻ ഗില്ലിന് രണ്ടാം ഇന്നിംഗ്സിലും ബാറ്റ് ചെയ്യാൻ കഴിയാതിരുന്നത് കനത്ത തിരിച്ചടിയായി. നാലുവിക്കറ്റ് വീതം വീഴ്ത്തിയ

ഇന്നലെ 93/7 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നായകൻ ടെംപ ബൗമയും (55 നോട്ടൗട്ട്) കോർബിൻ ബോഷും (25) എട്ടാം വിക്കറ്റിൽ നേടിയ 44 റൺസാണ് കളിയിൽ വഴിത്തിരിവ് സൃഷ്ടിച്ചത്.രാവിലത്തെ സെഷനിൽ 12 ഓവർ ക്രീസിൽ നിന്ന ബൗമ-ബോഷ് സഖ്യത്തെ ബുംറയാണ് പൊളിച്ചത്. ബോഷിനെ ബുംറ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് 18 റൺസ് കൂടി നേടുന്നതിനിടെ സിറാജ് ഹാർമറെയും (7), കേശവ് മഹാരാജിനെയും (0) പുറത്താക്കി സന്ദർശക ഇന്നിംഗ്സിന് കർട്ടനിട്ടു.ബൗമ ഈ ടെസ്റ്റിലെ ഏക അർദ്ധ സെഞ്ച്വറിക്കാരനായി പുറത്താകാതെനിന്നു. ജഡേജ നാലുവിക്കറ്റും കുൽദീപും സിറാജും രണ്ടുവിക്കറ്റ് വീതവും ബുംറയും അക്ഷറും ഓരോ വിക്കറ്റ് വീതവുമാണ് വീഴ്ത്തിയത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ തിരിച്ചടിയായിരുന്നു. നാലാം പന്തിൽ റൺസ് എടുക്കുംമുന്നേ യശസ്വി ജയ്സ്വാളിനെ (0) യാൻസൻ വെറെയ്ന്റെ കയ്യിലെത്തിച്ചു. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ കെ.എൽ രാഹുലിനെയും (1) സമാനരീതിയിൽ യാൻസൻ തിരിച്ചയച്ചതോടെ ഇന്ത്യ രണ്ട് വിക്കറ്റിന് ഒരു റൺസ് എന്ന നിലയിലായി. ആ ആഘാതത്തിൽ നിന്ന് ഒരിക്കലും കരകയറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതുമില്ല. ഫസ്റ്റ് ഡൗൺ പൊസിഷനിൽ വീണ്ടും പരീക്ഷിക്കപ്പെട്ട വാഷിംഗ്ടൺ സുന്ദർ (31) ചെറുത്തുനിന്നെങ്കിലും മറ്റേ അറ്റത്ത് ധ്രുവ് ജുറേൽ(13),റിഷഭ് പന്ത് (2) എന്നിവർ വീണതോടെ 38/4 എന്ന നിലയിലായി. ഇതോടെ സമ്മർദ്ദത്തിലായ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം സുന്ദറിലും ജഡേജയിലുമായിരുന്നു. എന്നാൽ ടീം സ്കോർ 64ൽ വച്ച് ജഡേജ ഹാർമറുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങിയതും 72ൽ വച്ച് സുന്ദർ മാർക്രമിന്റെ പന്തിൽ ഹാർമർക്ക് ക്യാച്ച് നൽകിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.ഒരറ്റത്ത് ചെറുത്തുനിന്ന അക്ഷർ പട്ടേൽ ഒരുഫോറും രണ്ട് സിക്സുമായി ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും 93 റൺസിലെത്തിയപ്പോൾ കേശവ് മഹാരാജിന്റെ പന്തിൽ ബൗമയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ഇതേ സ്കോറിൽ തന്നെ കേശവ് സിറാജിനെയും (1) മടക്കിയതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.

രണ്ടാം ടെസ്റ്റ് 22ന് ഗോഹട്ടിയിൽ തുടങ്ങും.