സ്ഥാനാർത്ഥിത്വം തടയാൻ ശ്രമമെന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച് ബി.ജെ.പി വനിതാ നേതാവ് ആർ.എസ്.എസുകാർക്കെതിരെ ആരോപണം
നെടുമങ്ങാട് (തിരുവനന്തപുരം): ചില പ്രാദേശിക ആർ.എസ്.എസ് നേതാക്കൾ നടത്തിയ വ്യക്തിഹത്യയിൽ മനംനൊന്ത് ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിലുൾപ്പെട്ട മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശാലിനി സനിൽ (36) കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്റെ സ്ഥാനാർത്ഥിത്വം തടയാൻ ശ്രമമുണ്ടായെന്നും ശാലിനി ആരോപിച്ചു.
ഇന്നലെ പുലർച്ചെ 3.30ന് നെടുമങ്ങാട് കരിപ്പൂര് മുഖവൂരിലുള്ള വീട്ടിലായിരുന്നു ആത്മഹത്യാശ്രമം. ഉറക്കത്തിലായിരുന്ന ഭർത്താവ് സനിൽ പാത്രം നിലത്തുവീഴുന്ന ഒച്ചകേട്ട് ഉണർന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. കൈയിൽ നാല് തുന്നലിടേണ്ടി വന്നു. വീട്ടിൽ വിശ്രമത്തിലാണ് ശാലിനി.
നെടുമങ്ങാട് നഗരസഭയിൽ പുതുതായി രൂപീകരിച്ച പനങ്ങോട്ടേലാ വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിലെ ഒന്നാം പേരുകാരിയാണ് ശാലിനി. വാർഡ് കമ്മിറ്റിയും മുനിസിപ്പൽ കമ്മിറ്റിയും പേര് നിർദ്ദേശിച്ചതിന് പിന്നാലെ പോസ്റ്ററടക്കം തയ്യാറാക്കി മത്സരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ പ്രദേശത്തെ ഏതാനും പ്രവർത്തകർ ഇടപെട്ട് മറ്റൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കി. തനിക്കെതിരെ മോശപ്പെട്ട പ്രചാരണം അഴിച്ചുവിട്ടെന്നും ശാലിനി ആരോപിച്ചു.
യുവമോർച്ച മുൻ മണ്ഡലം പ്രസിഡന്റ് സനിലിന്റെ ഭാര്യയാണ് ശാലിനി. നേരത്തെ പഴകുറ്റിയിലെ ബി.ജെ.പി അനുകൂല സഹകരണ സംഘത്തിൽ ജീവനക്കാരിയായിരുന്നു. സംഭവമറിഞ്ഞ് ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കൾ വസതിയിലെത്തി ശാലിനിയെ ആശ്വസിപ്പിച്ചു. നഗരസഭയിലെ ബി.ജെ.പി അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്ത് വരാനിരിക്കെയാണ് ശാലിനിയുടെ ആത്മഹത്യാശ്രമമുണ്ടായത്.
'നാട്ടിലിറങ്ങാൻ പറ്റാത്ത
സാഹചര്യമുണ്ടാക്കി'
എന്നെ സ്ഥാനാർത്ഥി പട്ടികയിൽനിന്ന് ഒഴിവാക്കാൻ ആർ.എസ്.എസിന്റെ മൂന്ന് പ്രവർത്തകർ ഇടപെട്ടുവെന്ന് ശാലിനി ആരോപിച്ചു. 10 വർഷം മുമ്പും സമാനമായ അവസ്ഥ നേരിട്ടിരുന്നു. മുഖവൂർ വാർഡിൽ സ്ഥാനാർത്ഥിയായപ്പോൾ മറ്റൊരു വാർഡിൽ മത്സരിക്കാൻ ആവശ്യപ്പെട്ടതോടെ അവിടേക്ക് മാറി. കഴിഞ്ഞതവണ പുലിപ്പാറ വാർഡിൽ മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തി. അവിടെ തോല്പിക്കാൻ ശ്രമമുണ്ടായി. സംഘടനാപരമായല്ല, വ്യക്തിവൈരാഗ്യമാണ് എന്നോടും കുടുംബത്തോടും അവർ കാട്ടുന്നത്. നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ശാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു.