ആനന്ദ് ബി.ജെ.പി പ്രവർത്തകൻ ആയിരുന്നില്ല: എസ്. സുരേഷ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത ആനന്ദ് കെ. തമ്പി ഒരു കാലഘട്ടത്തിലും ബി.ജെ.പി പ്രവർത്തകനായിരുന്നില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഘട്ടത്തിലോ ആനന്ദിന്റെ പേര് വന്നിട്ടില്ല. ആത്മഹത്യ അങ്ങേയറ്റം ദുഃഖകരമാണ്. വിഷയം രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം.
ശിവസേനയുടെ സ്ഥാനാർത്ഥിയാകാൻ ആനന്ദ് തീരുമാനിച്ചതാണ്. അങ്ങനെയൊരു യുവാവിന്റെ മരണം ബി.ജെ.പിക്ക് എതിരായ കുപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. രാജീവ് ചന്ദ്രശേഖർ കിങ്ങിണിക്കുട്ടനായല്ല രാഷ്ട്രീയത്തിൽ വന്നതെന്നും അച്ഛന്റെ തണലിൽ വളർന്ന രാഷ്ട്രീയ നേതാവല്ല അദ്ദേഹമെന്നും ബി.ജെ.പിയിൽ കൂട്ട ആത്മഹത്യ നടക്കുന്നുവെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ ആരോപണത്തിന് സുരേഷ് മറുപടി നൽകി. കെ. മുരളീധരനും ശിവൻകുട്ടിയും കെട്ടുകഥകൾ ഉണ്ടാക്കുന്നു.
ആനന്ദിന്റെ ആത്മഹത്യ മാനസിക വിഭ്രാന്തിമൂലം: ഗോപാലകൃഷ്ണൻ
കോഴിക്കോട്: ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യ മാനസിക വിഭ്രാന്തിയെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. ആത്മഹത്യ പാർട്ടി അന്വേഷിക്കും. വിഷയം സംഘടനാപരമായി നേരിടും. സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ 12 പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.