ജില്ലയിൽ ഈ വർഷം 3,011 റോഡപകടങ്ങൾ, മരണം 263

Monday 17 November 2025 12:50 AM IST

മലപ്പുറം: ജില്ലയിൽ ഈ വർഷം ഒക്ടോബർ വരെ 3,011 റോഡപകടങ്ങളിലായി ജീവൻ നഷ്ടമായത് 263 പേർക്ക്. 2,516 പേർക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരിലേറെയും ഇരുചക്ര വാഹന യാത്രികരാണ്. കഴിഞ്ഞ വർഷം 3,483 വാഹനങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 316 പേർ മരിക്കുകയും 2,784 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. 2023ൽ 3,253 റോഡപകടങ്ങളിലായി 309 പേർക്ക് പരിക്കേൽക്കുകയും 2,735 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനുവരി - 29, ഫെബ്രുവരി - 25, മാർച്ച്-26, ഏപ്രിൽ-38, മേയ്-28, ജൂൺ-24, ജൂലായ്-24, ആഗസ്റ്റ്-22, സെപ്തംബർ-29, ഒക്ടോബർ-25 എന്നിങ്ങനെയാണ് ഈ വർഷത്തെ അപകട നിരക്ക്. അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയിൽ വാഹനമോടിക്കുക എന്നിവയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ. ബസുകളും ലോറികളുമാണ് അപകടത്തിൽപ്പെടുന്നവയിൽ രണ്ടാം സ്ഥാനത്തുള്ളത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ ജനങ്ങളിൽ ഹെൽമെറ്റ് ധരിക്കുക എന്നത് ശീലമായി മാറിക്കഴിഞ്ഞത് അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ കാരണമായിട്ടുണ്ട്.എന്നാൽ, പലരും ചിൻ സ്ട്രാപ്പ് ടൈറ്റ് ആക്കാത്തത് പൊതുവെ കണ്ടുവരുന്നുണ്ട്. റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ​ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്. ബൈക്കിൽ അൾട്രേഷൻ നടത്തുന്നതിലും മുന്നിൽ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തിൽ ചീറിപ്പായുന്നവരുണ്ട്.

വർഷം --അപകടങ്ങളുടെ എണ്ണം---മരണം---ഗുരുതര പരിക്കേറ്റവർ

2025----3,011---316---2,784

2024-------- 3,483 ---------316-------2,784

2023--------3,253 -------- 309 -------2,735

2022--------2,992--------321-------3,499

2021--------2,152---------292-------2,396