സീറ്റ് ധാരണയായി: കൊണ്ടോട്ടിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പിന് സജ്ജം
കൊണ്ടോട്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടി നഗരസഭയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾക്ക് അന്തിമ തീരുമാനമായി. നീണ്ട കൂടിയാലോചനകൾക്കൊടുവിൽ 41 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഘടകകക്ഷികൾ ധാരണയിലെത്തി. പുതിയ ധാരണപ്രകാരം 34 സീറ്റുകളിൽ സി.പി.എമ്മാണ് മത്സരിക്കുക. സി.പി.ഐക്ക് ആറ് സീറ്റുകൾ നൽകി. ഒരു സീറ്റ് എൻ.സി.പിക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സി.പി.ഐ.ക്ക് ഒരു സീറ്റ് അധികമായി ലഭിച്ചു. 40 വാർഡുകളുണ്ടായിരുന്ന മുൻ തെരഞ്ഞെടുപ്പിൽ സി.പി.ഐ. അഞ്ച് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇത്തവണ ഒരു വാർഡ് കൂടിയതിന് പിന്നാലെസി.പി.ഐ എട്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മുൻനിറുത്തി പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ആറ് സീറ്റുകളിൽ ധാരണയായത്.
ആവശ്യങ്ങളിൽ വിട്ടുവീഴ്ച
എൻ.സി.പി.ക്ക് ഒരു സീറ്റ് നൽകിയത് ഈ വർഷത്തെ മുന്നണി സീറ്റ് വിഭജനത്തിന്റെ പ്രത്യേകതയാണ്. കടുത്ത നിലപാടുകളിൽനിന്ന് ഘടകകക്ഷികൾ വിട്ടുവീഴ്ച ചെയ്തതോടെ മുന്നണി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40 വാർഡുകളിൽ മത്സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും മൂന്ന് സ്ഥാനാർത്ഥികളെ വീതം വിജയിപ്പിക്കാനായിരുന്നു. ഇത്തവണ കൂടുതൽ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.