ആശ്രാമം ലിങ്ക് റോഡ് നാലാം ഘട്ടം: 74 കോടിയുടെ കിഫ്ബി സാമ്പത്തികാനുമതി

Monday 17 November 2025 12:58 AM IST
ആശ്രാമം ലിങ്ക് റോഡ്

കൊല്ലം: ആശ്രാമം ലിങ്ക് റോഡ് ഓലയിൽക്കടവിൽ നിന്ന് കടവൂർ പള്ളിക്കടുത്തേക്ക് നീട്ടുന്ന 74 കോടിയുടെ നാലാംഘട്ട വികസനത്തിന് സാമ്പത്തികാനുമതി നൽകാൻ കിഫ്ബി ബോർഡ് യോഗത്തിൽ ധാരണയായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതിന് പിന്നാലെ സാമ്പത്തികാനുമതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

സാമ്പത്തികനുമതി ഉത്തരവ് ഇറങ്ങുന്നതിന് പിന്നാലെ സാങ്കേതികാനുമതി വാങ്ങി ടെണ്ടർ ക്ഷണിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കരാർ ഉറപ്പിച്ച് നിർമ്മാണത്തിലേക്ക് കടക്കാനാണ് ആലോചന. ഓലയിൽക്കടവിൽ നിന്ന് അഷ്ടമുടി കായലിലൂടെ കൊല്ലം- തേനി ദേശീയപാതയിൽ കടവൂർ പള്ളിക്കടുത്ത് എത്തിച്ചേരുന്ന 580 മീറ്റർ നീളമുള്ള പാലമാണ് പുതിയ രൂപരേഖയിലുള്ളത്. രണ്ടാംഘട്ടമായി കടവൂർ പള്ളിക്കടുത്ത് കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴയിലേക്ക് പാലം നിർമ്മിച്ച് ലിങ്ക് റോഡിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കും. ഇതോടെ കൊല്ലം നഗരത്തിൽ നിന്ന് ദേശീയപാതയിലേക്കുള്ള ബൈപ്പാസായി ലിങ്ക് റോഡ് മാറും.

കപ്പലണ്ടിമുക്ക് മുതൽ കളക്ടറേറ്റ് വരെയുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന തരത്തിൽ ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടാനായിരുന്നു നേരത്തെയുള്ള ആലോചന. തേവള്ളി പാലത്തിന് അടിയിലൂടെ പുതിയ പാലം നിർമ്മിക്കാനുള്ള സാങ്കേതിക പ്രശ്നം, ആറുവരിപ്പാത വന്നതോടെ മേവറം- കാവനാട് പാതയിലെ വാഹനങ്ങളുടെ ഇടിവ് എന്നിവയ്ക്ക് പുറമേ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കാവനാട്- മേവറം പാതയുടെ വീതി കൂട്ടുന്നത് കൂടി കണക്കിലെടുത്താണ് പുതിയ മാറ്റം. കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴ പാണമുക്കത്തേക്കുള്ള പാലത്തിന് ഏകദേശം 65 കോടിയോളം രൂപ ചെലവ് വരുന്ന രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

പഴയ രൂപരേഖ

ഓലയിൽക്കടവ്- തോപ്പിൽക്കടവ്- 1.5 കിലോ മീറ്റർ

എസ്റ്റിമേറ്റ് ₹ 195 കോടി

പുതിയ രൂപരേഖ

ഓലയിൽക്കടവ്- കടവൂർ പള്ളി- 580 മീറ്റർ

എസ്റ്റിമേറ്റ് ₹ 74 കോടി

ചെലവിലെ കുറവ് ₹ 121 കോടി