എസ്.സി,എസ്.ടി ഫണ്ട് ദുരുപയോഗം തടയൽ നിയമം വേണം : സംവരണ സംരക്ഷണ സമിതി
തിരുവനന്തപുരം : എസ്.സി,എസ്.ടി ഫണ്ട് ദുരുപയോഗം തടയൽ നിയമം പാസാക്കണമെന്ന് സംവരണ സംരക്ഷണ സമിതി ചെയർമാൻ സണ്ണി എം. കപിക്കാട്. എസ്.സി,എസ്.ടി അതിക്രമം തടയൽ നിയമത്തിന്റെ മാതൃകയിൽ നിയമം പാസാക്കണമെന്നാണ് ആവശ്യപ്പെട്ടത്. സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സ്വാഭിമാന സമരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.സി,എസ്.ടി ഫണ്ട് വകമാറ്റുന്നത് അവസാനിപ്പിക്കുക,ഇ.ഗ്രാന്റ് മുടങ്ങാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അയ്യനവർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് എസ്.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംവരണ സംരക്ഷണ സമിതി ജനറൽ കൺവീനർ ടി.ആർ.ഇന്ദ്രജിത്ത്,സംവരണ സംരക്ഷണ സമിതി ചീഫ് കോർഡിനേറ്റർ ബിജോയ് ഡേവിഡ്,വേലൻ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ,ദളിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി പി.എ. പ്രസാദ്, പി.ആർ.ഡി.എസ് ഹൈകൗൺസിൽ അംഗം കെ. ദേവകുമാർ,വള്ളുവ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് വി.സി. വിജയൻ,കേരള വേലൻ സമാജം രക്ഷാധികാരി പി. പത്മനാഭൻ,സംവരണ സംരക്ഷണ സമിതി ട്രഷറർ കെ.വത്സകുമാരി, കേരള സാംബവ സഭ സംസ്ഥാന പ്രസിഡന്റ് മഞ്ചയിൽ വിക്രമൻ,കേരളാ സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി,കേരള വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് ജോഷി പരമേശ്വരൻ,പടന്ന മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.വി.മണി തുടങ്ങിയവർ സംസാരിച്ചു.