സമഗ്ര അന്വേഷണം നടത്തണം
കൊല്ലം: ദേശീയപാത നിർമ്മാണത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തത് മൂലം നിരന്തരം ഉണ്ടാക്കുന്ന അപകട മരണങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കരാർ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. തിരക്കേറിയ ഗതാഗതം നടക്കുന്ന ദേശീയപാതയിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന സുരക്ഷാക്രമീകരണവും മുൻകരുതലും സ്വീകരിക്കാതെ അപകടം വിളിച്ചുവരുത്തുന്നത് കമ്പനിയുടെയും മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചയാണ്. വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി പിഴയും ശിക്ഷയും ഉറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.