അനധികൃത ക്വാറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി
പാലക്കാട്: പുതുശ്ശേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് വൻതോതിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളുംപിടികൂടി. കോങ്ങാമ്പാറയ്ക്ക് അടുത്തുള്ള പുലാമ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് 18 പെട്ടികളിലായി സൂക്ഷിച്ച 3503 ജലാറ്റിൻ സ്റ്റിക്കുകളും 1265 ഡിറ്റനേറ്ററുകളുമാണ് കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പുലാമ്പാറ സ്വദേശി ചിന്നസ്വാമിയുടെ തെങ്ങിൻ തോപ്പിനകത്താണ് ക്വാറി പ്രവർത്തിച്ചിരുന്നത്. ജീവനക്കാരായ ചാലക്കുടി സ്വദേശികളായ അഭിലാഷ് (37), ഫെബിൻ (35), അർജുൻ (30) എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ആരുമറിയാതെ ഇത്രയും കാലം അനധികൃതമായി ഇവിടെ ക്വാറി പ്രവർത്തിച്ചുവെന്നതിൽ ദുരൂഹതയുണ്ട്. പരിശോധനകൾ മറികടന്ന് അതിർത്തി വഴി എങ്ങിനെ ഇത്രയും സ്‌ഫോടക വസ്തുക്കൾ ഇവിടെയെത്തി എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.