ദേശീയപാത നിർമ്മാണത്തിൽ വ്യാപക അഴിമതി, ജനങ്ങളുടെ ജീവൻ പന്താടരുത്: കെ.സി. വേണുഗോപാൽ

Monday 17 November 2025 1:04 AM IST

തുറവൂർ: ദേശീയപാത നിർമ്മാണത്തിൽ നടക്കുന്നത് വ്യാപകമായ അഴിമതിയാണെന്നും ജനങ്ങളുടെ ജീവൻവച്ച് പന്താടരുതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ദേശീയപാതയിൽ അരൂരിൽ ഗർഡർ തകർന്ന് വീണ സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി.

കൂരിയാട് ദേശീപാത തകർന്നപ്പോൾ അവിടുത്തെ നിർമ്മാണ കമ്പനിയെ ഒഴിവാക്കി. അതുപോലെ അരൂർ–തുറവൂർ ഭാഗത്തെ നിർമ്മാണം നടത്തുന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണം. 40 ലധികം പേരുടെ ജീവൻ പൊലിഞ്ഞിട്ടും സുരക്ഷയൊരുക്കാത്ത കമ്പനിയെ എന്തിനാണ് വാഴിക്കുന്നത്. ഗർഡർ സ്ഥാപിക്കുന്നത് പോലുള്ള അപകടകരമായ നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ അത് നിരീക്ഷിക്കാൻ പോലും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരില്ലായിരുന്നുവെന്നും കെ.സി. കുറ്റപ്പെടുത്തി.

ഗതാഗത നിയന്ത്രണം

സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം

ഗതാഗത നിയന്ത്രണം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അപകട സാദ്ധ്യതാ മേഖലയിൽ വാഹനം കടത്തിവിടാൻ ആരാണ് അനുമതി നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം. സർവീസ് റോഡ് മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണമാണ് 40ലധികം ജീവനുകളിവിടെ നഷ്ടപ്പെട്ടത്. ഇവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ ഗർഡർ തകർന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കെ.പി.സി.സി ഉന്നതാധികാര സമിതി അംഗം ഷാനിമോൾ ഉസ്മാൻ,കെ.പി.സി.സി സെക്രട്ടറി എസ്. ശരത്,കോടംതുടരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ,സനീഷ് പായിക്കാട് എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.