ഡൽഹി സ്ഫോടനം:ചോദ്യം ചെയ്യൽ തുടരുന്നു
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കു സമീപത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ജമ്മു കാശ്‌മീർ അനന്ത്നാഗ് സ്വദേശിയും ഡോക്‌ടറുമായ റായിസ് അഹമ്മദ് ഭട്ടിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ആരോപണ നിഴലിലായ ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ‌്‌തിരുന്ന ഡോക്‌ടറെ പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതേ യൂണിവേഴ്സിറ്റിയിലെ മുൻ ജീവനക്കാരായ റിസ്‌വാനെയും ഷോയിബിനെയും ഹരിയാനയിൽ ചോദ്യംചെയ്യുന്നു. ഇവരാണ് സ‌്ഫോടനത്തിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിക്ക് നൂഹിൽ വാടകമുറി സംഘടിപ്പിച്ചു കൊടുത്തതെന്ന് സംശയിക്കുന്നു. അനന്തനാഗിലെ ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയും ഹരിയാന റോത്തക്ക് സ്വദേശിനിയുമായ പ്രിയങ്ക ശർമ്മയെ ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. ഡോ.രെഹാൻ, ഡോ.മുഹമ്മദ്, ഡോ.മുസ്‌താഖീം, ഹരിയാന നൂഹിലെ വളം ഡീലർ ദിനേശ് സിംഗ്ല എന്നിവരെയും മോചിപ്പിച്ചു. അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ‌്‌ത ഡോക്‌ടർമാരാണിവർ. ഫാം ഹൗസ് ഉടമകളെന്ന് പരിചയപ്പെടുത്തിയാണ് ഭീകരർ, ദിനേശ് സിംഗ്ലയിൽ നിന്ന് അമോണിയം നൈട്രേറ്റ് വാങ്ങിയത്. ഇതേ യൂണിവേഴ്സിറ്റിയിലെ മുൻ മെഡിക്കൽ വിദ്യാർത്ഥിയും ഡോക്‌ടറുമായ സനിഷർ അലാമിനെ കൊൽക്കത്തയിൽ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു. ഇതിനിടെ അസാമിൽ സ്‌ഫോടനത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് അറസ്റ്റിലായവരുടെ എണ്ണം 21 ആയി.