മരണത്തിലും അവർ കൈവിട്ടില്ല, കണ്ണീരാഴങ്ങളിൽ മുങ്ങി നാട്
കൊല്ലം: ഒന്നിച്ച് കളിച്ചുവളർന്ന ഉറ്റ സുഹൃത്തുക്കളായ ആദിത്യനും അഭിജിത്തും മരണത്തിലേക്കുള്ള യാത്രയിലും കൈവിട്ടില്ല. സുഹൃത്തുക്കളുമൊത്ത് ക്ഷേത്രദർശനത്തിന് പോയ ആറംഗസംഘത്തിൽ പെട്ടവരാണ് ഉറ്റവർ നോക്കിനിൽക്കെ അഷ്ടമുടിക്കായലിൽ മുങ്ങിമരിച്ചത്.
യാത്ര ദുരന്തത്തിൽ മുങ്ങിത്താണതോടെ സുഹൃത്തുക്കളെ ആശ്വസിപ്പിക്കാൻ ഒപ്പുമണ്ടായിരുന്നവർക്കും കഴിഞ്ഞില്ല. വിവരം അറിഞ്ഞ് മറ്റ് സുഹൃത്തുക്കൾ കൂടി എത്തിയതോടെ ജില്ലാ ആശുപത്രി പരിസരത്ത് കൂട്ട നിലവിളി ഉയർന്നു. അപകട വിവരം പങ്കുവയ്ക്കുമ്പോഴും സുഹൃത്തുക്കളുടെ ഞെട്ടൽ മാറിയിരുന്നില്ല. പല വാക്കുകളും പുകിതിയേ പുറത്തുവന്നുള്ളു. മരണ വിവരമറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞയാഴ്ചയും ഇവർ അഷ്ടമുടിയിൽ ക്ഷേത്ര ദർശനത്തിന് പോയിരുന്നു.
അമ്മമാരുടെ വിതുമ്പലടങ്ങുന്നില്ല... ഉടൻ മടങ്ങിവരുമെന്ന് പറഞ്ഞ് പോയ മക്കളുടെ വിയോഗ വാർത്ത അമ്മമാരെ അറിയിക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. വീട്ടിൽ ബന്ധുക്കളും നാട്ടുകാരുമൊക്കെ എത്തിയതോടെയാണ് അമ്മമാരെ വിവരം അറിയിച്ചത്. നെഞ്ചത്തടിച്ച് നിലവിളിക്കുന്ന കാഴ്ച കണ്ടുനിന്നവർക്കും താങ്ങാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ നൂറു മീറ്റർ മാത്രം അകലത്തിലുള്ള ചേതനാ നഗറിലെ വീടുകളിലെത്തിച്ചപ്പോഴേക്കും അലമുറയുടെ ശബ്ദം നാടിനെയൊന്നാകെ കരയിച്ചു. സഹോദരന്റെ ഓർമ്മയിൽ വിതുമ്പുന്ന അഭിജിത്തും കരളലിയിക്കുന്ന കാഴ്ചയായി. രക്ഷിക്കാൻ ശ്രമിച്ചിട്ടും തന്റെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോയത് ഉൾക്കൊള്ളാൻ അഭിജിത്തിന് കഴിഞ്ഞിരുന്നില്ല. ദുഃഖം കടിച്ചമർത്തി നിന്ന പിതാവിന് പലപ്പോഴും നിയന്ത്രണം നഷ്ടമായി.