ശിശുക്ഷേമ സമിതി ഈ വർഷം ദത്ത് നൽകിയത് 80 കുട്ടികളെ,​ സിംഗിൾ പാരന്റിംഗ് തണലിൽ 10 കുരുന്നുകൾ

Monday 17 November 2025 1:09 AM IST

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ നിന്ന് സിംഗിൾ പാരന്റിംഗ് തണലിൽ ചേക്കേറിയത് 10 കുട്ടികൾ. ആകെ ഈവർഷം 80 കുട്ടികളെയാണ് ശിശുക്ഷേമ സമിതി ദത്തു നൽകിയത്. ഇതിൽ 10 പേരെ മാതാവോ പിതാവോ മാത്രമായ സംരക്ഷണത്തിലേക്കാണ് നൽകിയത്. ഭിന്നശേഷിക്കാരുൾപ്പെടെ 22 പേരെ വിദേശത്തേക്ക് ദത്ത് നൽകി. സ്വന്തമായി മൂന്നു കുട്ടികൾ വരെയുള്ളവരും ദത്തെടുക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് (കാര)​ മാർഗ നിർദ്ദേശത്തിലൂടെയാണ് സിംഗിൾ പാരന്റിന് ദത്ത് നൽകുന്നത്. ദത്തെടുക്കുന്നതിനായി കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റബേസായ സി.എ.ആർ.എയിൽ രജിസ്റ്റർ ചെയ്യണം. സ്ത്രീകളായ രക്ഷാകർത്താക്കൾക്ക് ആൺ - പെൺ ഭേദമെന്യേ ദത്ത് നൽകുന്നുണ്ട്. പുരുഷ രക്ഷകർത്താവിന് ആൺകുട്ടികളെയാണ് നൽകുന്നത്. 186 കുട്ടികളാണ് നിലവിൽ ശിശുക്ഷേമ സമിതിയിലുള്ളത്.

 കുട്ടി വീണ്ടും തിരിച്ചെത്തി

സിംഗിൾ പാരന്റിന് ദത്തു നൽകിയ കുട്ടി മാസങ്ങൾക്കു ശേഷം ശിശുക്ഷേമ സമിതിയിൽ തിരിച്ചെത്തിയിരുന്നു. ഭർത്താവുമൊത്താണ് കുട്ടിയെ ദത്തെടുക്കാൻ തിരുവനന്തപുരം സ്വദേശിയായ യുവതി രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിനിടെ ഭർത്താവ് മരിച്ചു. എങ്കിലും കുട്ടിയെ യുവതി ദത്തെടുത്തു. എന്നാൽ പൊരുത്തപ്പെടാൻ കഴിയാതായതോടെ മാസങ്ങൾക്കുള്ളിൽ കുട്ടിയെ സമിതിയിൽ തിരിച്ചേൽപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസുമെടുത്തു.

 അമ്മത്തൊട്ടിലിൽ 43 കുട്ടികൾ

സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ നിന്ന് ഈ വർഷം നവംബർ വരെ 43 കുട്ടികളെയാണ് കിട്ടിയത്. ഇതിൽ 22 കുട്ടികൾ തിരുവനന്തപുരത്താണ്. സംസ്ഥാനത്താകെ 28 പെൺകുട്ടികളെയും 15 ആൺകുട്ടികളെയും ഈവർഷം അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചു.

ഈ വർഷം അമ്മത്തൊട്ടിലിൽ ലഭിച്ച കുട്ടികൾ

ജില്ല............................എണ്ണം

 തിരുവനന്തപുരം.....22

 ആലപ്പുഴ...................07

 കോഴിക്കോട്............02

 എറണാകുളം...........04

 പത്തനംതിട്ട.............08

'സിംഗിൾ പാരന്റുകളും ദത്തു ലഭിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യമായ പരിശോധനയ്‌ക്കു ശേഷമാണ് ദത്ത് നൽകുന്നത്".

അഡ്വ. ജി.എൽ. അരുൺ ഗോപി

ജനറൽ സെക്രട്ടറി, ശിശുക്ഷേമ സമിതി