അച്ഛനെപ്പോലെ നാടിന്റെ വെളിച്ചമായി മക്കൾ

Monday 17 November 2025 1:16 AM IST

കൊല്ലം: അച്ഛനെപ്പോലെ നാടിന് അറിവിന്റെ വെളിച്ചം സമ്മാനിക്കുകയാണ് രണ്ട് ആൺമക്കൾ. കേരളകൗമുദി വടക്കേവിള ഏജന്റ് അശോക് കുമാറും ഇരവിപുരം ഏജന്റ് ചന്ദ്രബാബുവും ദീർഘകാലം കേരളകൗമുദി ഇരവിപുരം ഏജന്റായിരുന്ന എസ്.ഗോപിനാഥൻപിള്ളയുടെ മക്കളാണ്.

ഏഴ് പതിറ്റാണ്ട് മുമ്പേ കേരളകൗമുദി ഏജന്റായതാണ് എസ്.ഗോപിനാഥൻപിള്ള. ജനകീയനായ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ഗോപിനാഥൻപിള്ളയുടെ ഹൃദയബന്ധങ്ങൾ നാട്ടിൽ കേരളകൗമുദിയുടെ വേരുകൾ ആഴത്തിൽ പടർത്തി. നാട്ടിലെ ജനകീയ പ്രശ്നങ്ങൾ പത്രഓഫീസുകളിൽ അറിയിച്ച് വാർത്തയാക്കി പരിഹാരം കാണുമായിരുന്നു. സി.പി.ഐ നേതാവായിരുന്ന അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റ ഏക വരുമാന മാർഗം പത്ര ഏജൻസിയായിരുന്നു. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മക്കളായ അശോക് കുമാറിനെയും ബീനയെയും ചന്ദ്രബാബുവിനെയും വളർത്തിയത്.

കുട്ടിക്കാലത്ത് തന്നെ പത്രവിതരണത്തിൽ അശോക് കുമാറും ചന്ദ്രബാബുവും സഹായിക്കുമായിരുന്നു. അദ്യം പുലർച്ചെ എഴുന്നേറ്റ് നടന്നാണ് വീടുകളിൽ പത്രമിട്ടിരുന്നത്. പിന്നീട് സൈക്കിളിലായി. യുവാക്കളായതോടെ രണ്ട് ആൺമക്കളും പത്ര ഏജൻസി ഉപജീവനമാർഗമാക്കുകയായിരുന്നു. അഞ്ച് വർഷം മുമ്പ് എസ്.ഗോപിനാഥൻപിള്ള യാത്രയായി. മൂന്ന് വർഷം മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണി ദേവകിഅമ്മയും മരിച്ചു. അശോക് കുമാറിന്റെയും ചന്ദ്രബാബുവിന്റെയും പുന്തലത്താഴത്തുള്ള വീടുകളുടെ പേര് ചിറയിൽ വീട് എന്നാണ്.

അശോക് കുമാറിന്റെ ഭാര്യ ലത കശുഅണ്ടി തൊഴിലാളിയാണ്. അഭിജിത്ത്, അഭിലാഷ് എന്നിവർ മക്കൾ. ചന്ദ്രബാബുവിന്റെ ഭാര്യ ബിന്ദു വേളമാനൂർ ഗവ. എൽ.പി.എസിൽ ഓഫീസ് അറ്റൻഡന്റാണ്. അനന്ദു, ആവണി എന്നിവർ മക്കൾ. പൊതുരംഗത്ത് സജീവമായ ചന്ദ്രബാബു പുന്തലത്താഴം വൈ.എം.വി.എ ലൈബ്രറി ആൻഡ് റീഡിംഗ് റൂം കമ്മിറ്റി അംഗമാണ്. അശോക് കുമാറും ചന്ദ്രബാബുവും പേരൂർ മീനാക്ഷി ക്ഷേത്രം ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.