കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി
Monday 17 November 2025 7:22 AM IST
കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് തകർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. മലാപ്പറമ്പ് ഫ്‌ളോറിക്കൻ റോഡിൽ ഇന്ന് പുലർച്ചെയാണ് ഇവിടെ പൈപ്പ് പൊട്ടിയത്. റോഡ് തകർത്ത് ഒഴുകിയെത്തിയ ജലം അടുത്ത മൂന്ന് വീടുകളിലേക്ക് ഇരച്ചെത്തി. റോഡിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്.
പ്രധാന കുടിവെള്ള പൈപ്പാണ് പൊട്ടിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. തകർന്ന പൈപ്പ് മാറ്റി കുടിവെള്ളവിതരണം നടത്തുന്നതിന് താമസമെടുക്കുമെന്നും അധികൃതർ അറിയിക്കുന്നുണ്ട്.
ഇവിടെ പൈപ്പ് പൊട്ടൽ സ്ഥിരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. പൈപ്പ് പൊട്ടുന്ന ശബ്‌ദം കേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും വീടുകളുടെ പടിക്കലടക്കം വെള്ളം കയറിയിരുന്നു.