തീർത്ഥാടകരുടെ ബസ് മക്കയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു: 42 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം
Monday 17 November 2025 8:42 AM IST
മക്ക: ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് 42 പേർ മരിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ മക്കയ്‌ക്ക് സമീപം മുഫാരഹത്ത് തിങ്കളാഴ്‌ച പുലർച്ചെ 1.30ഓടെയാണ് അപകടം. ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ബസിൽ 20 സ്‌ത്രീകളും 11 കുട്ടികളുമാണ് ഉണ്ടായിരുന്നത്.
മക്കയിൽ തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുകയായിരുന്നു ഇവർ. പുലർച്ചെയായതിനാൽ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. എത്രപേരാണ് അപകടത്തിൽ പെട്ടത്, രക്ഷപ്പെട്ടവർ എത്ര എന്നുള്ള കണക്കുകൾ അധികൃതർ ശേഖരിച്ചുവരികയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരാളെ രക്ഷിക്കാനായി എന്നാണ് വിവരം. വാഹനം പൂർണമായും കത്തിപ്പോയതിനാൽ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.