കുടിക്കാനും കുളിക്കാനും വെള്ളമെടുക്കുന്ന കിണറ്റിനുള്ളിൽ ഉഗ്രശബ്‌ദം; നോക്കിയപ്പോൾ കൊടുംവിഷമുള്ള പാമ്പ്

Monday 17 November 2025 11:06 AM IST

മലപ്പുറം: കിണറ്റിൽ അകപ്പെട്ടുപോയ മൂർഖൻ പാമ്പിനെ പുറത്തെടുത്ത് മലപ്പുറം ജില്ലാ ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ്. മലപ്പുറം പാണ്ടിക്കാട് വെട്ടിക്കാട്ടിരി ചുങ്കത്തകുന്ന് സ്വദേശി പുരക്കൽ പ്രദീപിന്റെ വീടിനോട് ചേർന്നുള്ള ആഴമില്ലാത്ത കിണറ്റിലാണ് മൂർഖൻ പാമ്പ് അകപ്പെട്ടത്. കുടുംബം ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളം എടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്.

രാത്രി ഇര പിടിക്കുന്നതിനിടെ കിണറ്റിലേക്ക് പാമ്പ് അബദ്ധത്തിൽ വീണതാകാം എന്നാണ് നിഗമനം. ഇന്നലെ രാത്രി വീട്ടുകാർ കിണറ്റിൽ നിന്നും വെള്ളം കോരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ വീട്ടുകാർ വെള്ളം കോരുന്നതിനിടെ കിണറ്റിൽ നിന്നും ശബ്‌ദം കേട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വലിയൊരു മൂർഖൻ പാമ്പ് വെള്ളത്തിന് മുകളിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഉടൻതന്നെ നിലമ്പൂർ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാണ്ടിക്കാട് റെസ്‌ക്യൂവർ ആയ മുജീബ് പാണ്ടിക്കാടിനെ വീട്ടുകാർ വിളിച്ചു.

തുടർന്ന് വനംവകുപ്പ് സ്‌നേക്ക് സർപ്പ റെസ്‌ക്യൂവറായ മുജീബ് പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ട്രോമാകെയർ പ്രവർത്തകരായ അസീസ് വളരാട്, സക്കീർ കാരായ എന്നിവർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കിണറ്റിൽ കിടന്ന മൂർഖൻ പാമ്പിനെ പിടികൂടി. പാമ്പിനെ ഇന്ന് ഉച്ചയോടെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് മുജീബ് പാണ്ടിക്കാട് പറഞ്ഞു.