കയറി പോ, കട്ടക്കലിപ്പ്! ഏഷ്യാ കപ്പ് പോരാട്ടത്തിൽ നമൻ ധീറിനെ പുറത്താക്കിയതിന് പിന്നാലെ പാക് ബൗളറുടെ പ്രകോപനം
ദോഹ: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിൽ വീണ്ടും വിവാദം. മത്സരത്തിൽ ഇന്ത്യയുടെ യുവതാരം നമൻ ധീറിനെ പുറത്താക്കിയ ശേഷം പാകിസ്ഥാൻ ബൗളർ സാദ് മസൂദിന്റെ പ്രകോപനപരമായ ആഘോഷമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. മികച്ച പ്രകടനം കാഴ്ചവയ്ക്കുകയായിരുന്ന നമൻ ധീറിനെ മസൂദിന്റെ പന്തിൽ ക്യാപ്ടൻ ഇർഫാൻ ഖാന്റെ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
20 പന്തുകൾ നേരിട്ട ധീർ 35 റൺസുമായി ഇന്ത്യയ്ക്ക് അടിത്തറയിട്ട ശേഷമാണ് മടങ്ങിയത്. ബൗണ്ടറി നേടിയതിന്റെ ആത്മവിശ്വാസത്തിലായിരുന്ന താരത്തെ പുറത്താക്കിയതോടെ പാക് ബൗളർ സാദ് മസൂദ് ഡ്രെസിംഗ് റൂമിലേക്ക് കൈചൂണ്ടി 'കയറിപ്പോകാൻ' ആംഗ്യം കാണിക്കുകയായിരുന്നു.
എന്നാൽ പാക് ബൗളറുടെ രോഷാകുലമായ ആംഗ്യത്തിന് മറുപടി നൽകാതെ നിരാശയോടെ കൂടാരത്തിലേക്ക് മടങ്ങുകയായിരുന്നു നമൻ ധീർ. മസൂദിന്റെ അതിരുവിട്ട പെരുമാറ്റം കളിയുടെ ആവേശത്തിനൊപ്പം തന്നെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വിമർശനത്തിന് ഇടയാക്കി. മികച്ച പ്രകടനം കാഴ്ചവച്ച സാദ് മസൂദ് നാലോവറിൽ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.
അതിർത്തിയിലെ രാഷ്ട്രീയ പിരിമുറുക്കത്തിന്റെ പ്രതിഫലനം മൈതാനത്തും ദൃശ്യമായിരുന്നു. മത്സരത്തിന് മുൻപ് ഇരു ടീമുകളുടെയും ക്യാപ്ടന്മാർ ഹസ്തദാനം നൽകാൻ കൂട്ടാക്കിയില്ല. ടോസിനു ശേഷം പാകിസ്ഥാൻ ക്യാപ്ടൻ ഇർഫാൻ ഖാനുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ നായകൻ ജിതേഷ് ശർമ വിസമ്മതിച്ചു. ദേശീയ ഗാനം ആലപിക്കുന്ന സമയത്തും ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഹസ്തദാനം ഒഴിവാക്കി. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇയെ തോൽപ്പിച്ചാണ് പാകിസ്ഥാനെ നേരിട്ടത്. ഇരു ടീമുകളുടെയും കടുത്ത പോരാട്ടം ടൂർണമെന്റിന്റെ ആവേശം ഉയർത്തി.