'അവർ ഉയരുകയാണ്'; മാജിക് പ്ലാനറ്റിലെത്തുന്നവർക്ക് മനം നിറയുന്ന കാഴ്ച, 'അപ് കഫേ'യിലെ വിശേഷങ്ങൾ

Monday 17 November 2025 3:08 PM IST

'ഇനിയുളളത് നിരാശയുടെയോ തളർച്ചയുടെയോ കാലമല്ല. ഉയർച്ചയുടെയും വളർച്ചയുടെയും കാലമാണ്'. ഈ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്‌ സെന്ററിലെ ഡൗൺ സിൻഡ്രോം ബാധിച്ച ഒരുകൂട്ടം കുട്ടികൾ. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ കഴിഞ്ഞ ഒരുവർഷമായി പ്രവർത്തിച്ചുവരുന്ന അപ് കഫേയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറാണ് അപ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.

പാചക പരിശീലനം കൊടുക്കുന്നതും മാജിക് പ്ലാനറ്റിൽ എത്തുന്നവർക്ക് രുചിയൂറുന്ന വിഭവങ്ങൾ തീൻ മേശയിൽ എത്തിക്കുന്നതും ഈ കുട്ടികൾ തന്നെയാണ്. എല്ലാ ദിവസവും രാവിലെ പത്തര മണിമുതൽ വൈകുന്നേരം നാലുമണിവരെയാണ് അപ് കഫേ പ്രവർത്തിക്കുന്നത്. പുറത്ത് പ്രവർത്തിക്കുന്ന കഫേകളേക്കാളും മിതമായ നിരക്കിലാണ് ഇവിടെ വിഭവങ്ങൾ വിൽക്കുന്നത്. ചായയും കോഫിയും ചെറുകടികളുമാണ് അപ് കഫേയിലെ പ്രധാന വിഭവങ്ങൾ. കുട്ടികളുടെ അടുക്കുംചിട്ടയും പക്വതയോടെയുള്ള പെരുമാറ്റവുമെല്ലാം സന്ദർശകരെ അതിശയിപ്പിക്കുന്ന വിധത്തിലുളളതാണ്. ഒരു മിനി വാനാണ് കഫേയ്ക്കായി ഏസ്‌തെറ്റിക് ശൈലിയിൽ ഒരുക്കിയിരിക്കുന്നത്.

ഡൗൺ സിൻ‌ഡ്രോം ബാധിതരെ ശാക്തീകരിക്കുക, അവർക്ക് മെച്ചപ്പെട്ട രീതിയിലുളള വരുമാനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ് കഫേ പ്രവർത്തിക്കുന്നത്. ഒരേസമയം 18ൽ അധികം ആളുകൾക്കിരുന്ന് ലഘുഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് വാഹനത്തിനകം ക്രമീകരിച്ചിരിക്കുന്നത്. മോഡേൺ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു അടുക്കളയും ഇതിനകത്തുണ്ട്. ഒരു കഫെറ്റീരിയയില്‍ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും സെന്റര്‍ കൃത്യമായി കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. സന്ദര്‍ശകരെ ക്ഷണിച്ചിരുത്തുന്നതു മുതല്‍ അവര്‍ക്കുവേണ്ട ഭക്ഷണങ്ങള്‍ വിതരണം ചെയ്തും അതുകഴിഞ്ഞ് മേശയും ഇരിപ്പിടവും വൃത്തിയാക്കുന്നതുവരെയുള്ള എല്ലാ ജോലികളും ഈ കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്.

കുട്ടികള്‍ക്ക് മാജിക് പ്ലാനറ്റിലും പുറത്തും ഇത്തരത്തിലുള്ള കഫേകളിലും ജോലിസാദ്ധ്യത ഉറപ്പാക്കുന്നതിനായാണ് പരിശീലനം നടപ്പിലാക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കഫെറ്റീരിയകള്‍ പുറത്തും ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നിലവിൽ നടന്നുവരികയാണ്. അപ് കഫേയ്ക്ക് പിന്നിലുളള ലക്ഷ്യത്തെക്കുറിച്ച് ഡിഫറന്റ് ആര്‍ട്ട് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് കേരള കൗമുദി ഓൺലൈനിനോട് സംസാരിച്ചു.

'ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികൾ നേതൃത്വം നൽകുന്ന കഫേ ഒരു ഇടമായി മാറുമ്പോൾ, അവർക്ക് സ്വന്തം ജീവിതം ഒറ്റയ്ക്ക് നയിക്കാൻ കഴിയില്ല എന്ന സമൂഹത്തിന്റെ തെറ്റിദ്ധാരണകളും സംശയങ്ങളും ചോദ്യം ചെയ്യുന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്. ഇത്തരത്തിലുള്ള ഒരു സംരംഭം, വ്യത്യസ്ത കഴിവുകളുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് മാത്രമല്ല, സമൂഹത്തിലെ അനേകം പേർക്ക് പ്രചോദനമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു'- അദ്ദേഹം പറഞ്ഞു.