അടുക്കളയിൽ അബദ്ധത്തിൽ കുടുങ്ങി; വാതിൽ ചവിട്ടിപ്പൊളിക്കുന്നതിന് പകരം അമ്മ മകൾക്ക് വേണ്ടി ചെയ്ത കാര്യം ഇതാണ്
കുട്ടികളുടെ വികൃതികൾ ആസ്വദിക്കാൻ കഴിയുന്നതാണെങ്കിലും ചിലപ്പോഴൊക്കെ കുസൃതികളോട് ദേഷ്യവും ഒരേ സമയം സ്നേഹവും തോന്നും. ചിലർ തങ്ങളുടെ മാതാപിതാക്കളെ പാടുപെടുത്തുന്നത് ചെറുതായിട്ടൊന്നുമല്ല. അത്തരത്തിൽ രസകരവും അതോടൊപ്പം സ്നേഹം നിറഞ്ഞതുമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുക്കളയിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ മകളെ, വാതിലിന് പുറത്ത് നിന്ന് അമ്മ നിർദ്ദേശങ്ങൾ നൽകി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
അമ്മയുടെ ശാന്തമായ ഇടപെടലും, മകളുടെ ശ്രമങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടമായതോടെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പലരും തങ്ങളുടെ കുട്ടിക്കാലത്തെ ഇത്തരം അനുഭവങ്ങൾ ഓർത്തെടുത്തു. ശ്വേത ചൗധരി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്.
'നോക്ക് ഇതാണ് എന്റെ മോളുടെ പണി'. വീഡിയോയുടെ തുടക്കത്തിൽ അമ്മ പറയുന്നു. മകൾ അബദ്ധത്തിൽ അടുക്കള വാതിൽ അകത്തുനിന്ന് കുറ്റിയിട്ടതിനെക്കുറിച്ചും അമ്മ വിശദീകരിക്കുന്നുണ്ട്. മകൾ തന്നെ പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ടെന്നും, അതിനാൽ 'മടുത്തു' എന്നും തമാശയായി വീഡിയോയിൽ പറയുന്നുണ്ട്.
വാതിലിന് മുകളിലുള്ള ചെറിയ വെന്റിലേഷനിലൂടെ മകളോട് സംസാരിക്കുന്നതിനൊപ്പം കാര്യങ്ങൾ മൊബൈലിൽ പകർത്തുന്ന അമ്മയെ വീഡിയോയിൽ കാണാം. അകത്ത് കുടുങ്ങിപ്പോയെങ്കിലും ശാന്തമായും സ്നേഹത്തോടെയും വാതിൽ തുറക്കേണ്ടതെങ്ങനെയെന്ന് അമ്മ മകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ആദ്യം വാതിൽ തുറക്കാൻ ബുദ്ധിമുട്ടിയപ്പോൾ കുട്ടി കരയാൻ തുടങ്ങി. എന്നാൽ, അമ്മ അവളെ സമാധാനിപ്പിക്കുകയും, ധൈര്യം പകർന്ന് ശ്രമം തുടരാൻ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു.
പിന്നീട് പങ്കുവച്ച മറ്റൊരു വീഡിയോയിലാണ് നിർദ്ദേശങ്ങൾ മനസിലാക്കി കുട്ടി വാതിൽ തുറന്ന് പുറത്ത് വരുന്നത് കാണിക്കുന്നത്. പുറത്ത് വന്ന ശേഷം അമ്മ മകളെ സ്നേഹത്തോടെ ശാസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ വൈറലായതോടെ ഈ അനുഭവം വളരെ പ്രിയപ്പെട്ടതായി തോന്നിയെന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. 'അടുക്കളയിൽ തന്നെ ഇരിക്കട്ടെ, കഴിച്ചു കഴിച്ച് വലുതാകുമ്പോൾ താനെ തുറന്ന് പുറത്തുവരും' എന്ന് തമാശയായി ഒരാൾ കമന്റു ചെയ്തു. 'കുട്ടിക്കാലത്ത് ഈ വിക്രിയ ഞാനും ചെയ്തിട്ടുണ്ട്' എന്ന് മറ്റൊരാൾ തന്റെ അനുഭവം പങ്കുവച്ചു.