എറണാകുളം - ബംഗളൂരു വന്ദേഭാരതിലെ യാത്ര പൊളിച്ചു; വെെറലായി യുവാവിന്റെ അനുഭവം, വീഡിയോ

Monday 17 November 2025 3:34 PM IST

പാലക്കാട്: അടുത്തിടെയാണ് കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ആരംഭിച്ചത്. എറണാകുളം-ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ ഓടുന്നത്. ഈ റൂട്ടിലെ സാധാരണ ട്രെയിൻ സർവീസുകളെ അപേക്ഷിച്ച് രണ്ടര മണിക്കൂർ സമയം വന്ദേഭാരതിലൂടെ ലാഭിക്കാം.

ഇപ്പോഴിതാ മൂന്നാം വന്ദേഭാരതിനെക്കുറിച്ച് ഒരു മലയാളി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലുള്ള പച്ചപ്പുനിറഞ്ഞ കുന്നുകളിലൂടെ ട്രെയിൻ കടന്നുപോകുമ്പോളുള്ള ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

'നല്ല ഭക്ഷണം,​ വൃത്തിയുള്ള കോച്ചുകൾ,​ പുറത്തെ പച്ചപ്പ് നിറഞ്ഞ മലനിരകൾ... ഇവ എല്ലാം ഒരേ സമയം കാണുമ്പോൾ ഒരു വേൾഡ് ക്ലാസ് യാത്രപോലെയാണ് തോന്നുത്തത്. മോദിയുടെ കാലഘട്ടത്തിലെ ട്രെയിനുകൾ എങ്ങനെയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എറണാകുളം - ബംഗളൂരു വന്ദേഭാരത്'- വീഡിയോയിൽ കുറിച്ചു. അനൂപ് ആന്റണി ജോസഫ് എന്ന എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വന്ദേഭാരതിന്റെ ഏറ്റവും നല്ല യാത്ര അനുഭവിക്കണമെങ്കിൽ കേരളത്തിൽ തന്നെ വരണമെന്നാണ് ഒരാൾ കുറിച്ചത്. റെയിൽവേ ട്രാക്കുകളുടെ അരികിലെ മാലിന്യത്തിന്റെ അളവ് ആരും ശ്രദ്ധിക്കുന്നില്ലെയെന്നും പലരും ചോദിക്കുന്നു.