രഞ്ജി ട്രോഫിയില്‍ കേരളം മികച്ച നിലയിലേക്ക്; മദ്ധ്യപ്രദേശിന് ബാറ്റിംഗ് തകര്‍ച്ച

Monday 17 November 2025 6:29 PM IST

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മദ്ധ്യപ്രദേശിനെതിരെ കേരളത്തിന് മുന്‍തൂക്കം. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 155 റണ്‍സെന്ന നിലയിലാണ് മധ്യപ്രദേശ്. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 281-ന് അവസാനിച്ചിരുന്നു.

ഏഴ് വിക്കറ്റിന് 246 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് ഇന്നിങ്സ് അധികം മുന്നോട്ടു നീക്കാനായില്ല. 35 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ശ്രീഹരി എസ്. നായരുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഏഴ് റണ്‍സെടുത്ത ശ്രീഹരി, മൊഹമ്മദ് അര്‍ഷദ് ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. വൈകാതെ ബാബ അപരാജിതിനെ കുല്‍ദീപ് സെന്നും പുറത്താക്കി. സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ 98 റണ്‍സില്‍ നില്‍ക്കെയാണ് അപരാജിത് പുറത്തായത്. 186 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളടക്കമാണ് അപരാജിത് 98 റണ്‍സ് നേടിയത്.

ഏഴ് റണ്‍സെടുത്ത നിധീഷ് എം.ഡി. കൂടി പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 281-ല്‍ അവസാനിച്ചു. ഏദന്‍ ആപ്പിള്‍ ടോം ഒന്‍പത് റണ്‍സുമായി പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി മൊഹമ്മദ് അര്‍ഷദ് ഖാന്‍ നാലും സരന്‍ഷ് ജെയിന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തില്‍ തന്നെ യഷ് ദുബെയുടെ വിക്കറ്റ് നഷ്ടമായി. അഭിജിത് പ്രവീണിന്റെ പന്തില്‍ ദുബെ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 21 റണ്‍സെടുത്ത ഹര്‍ഷ് ഗാവ്‌ലിയെ നിധീഷ് എം.ഡി. എല്‍ബിഡബ്ല്യുവില്‍ കുടുക്കി. ക്യാപ്റ്റന്‍ ശുഭം ശര്‍മയെയും ഹര്‍പ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളില്‍ പുറത്താക്കി ഏദന്‍ ആപ്പിള്‍ ടോം കളി കേരളത്തിന് അനുകൂലമാക്കി. ഇരുവരും എല്‍ബിഡബ്ല്യുവിലൂടെയാണ് പുറത്തായത്.

മറുവശത്ത് ഉറച്ചുനിന്ന ഹിമാന്‍ഷു മന്ത്രിയെ നിധീഷ് പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 73 റണ്‍സെന്ന നിലയിലായിരുന്നു മധ്യപ്രദേശ്. ഋഷഭ് ചൗഹാനും സാരാന്‍ഷ് ജെയിനും ചേര്‍ന്ന് ചെറിയൊരു ചെറുത്തുനില്‍പ്പിന് തുടക്കമിട്ടെങ്കിലും ഋഷഭിനെ പുറത്താക്കി ബാബ അപരാജിത് മധ്യപ്രദേശിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. 21 റണ്‍സായിരുന്നു ഋഷഭ് നേടിയത്.

എന്നാല്‍ സരന്‍ഷ് ജെയിനും ആര്യന്‍ പാണ്ഡെയും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മധ്യപ്രദേശിന് പ്രതീക്ഷയാവുകയാണ്. ഇരുവരും ചേര്‍ന്ന് ഇതിനകം 54 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കളി നിര്‍ത്തുമ്പോള്‍ സരന്‍ഷ് 41ഉം, ആര്യന്‍ 33 റണ്‍സുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി നിധീഷ് എം.ഡി യും ഏദന്‍ ആപ്പിള്‍ ടോമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.