കേരളത്തിലെ ഒരു ബാങ്കിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയതിന് പിന്നാലെ ഇറങ്ങിയോടി ജീവനക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാങ്കിൽ ബോംബ് ഭീഷണി. വിഴിഞ്ഞം മുക്കോലയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിലാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിയോടെ ബാങ്കിന്റെ ഔദ്യോദഗിക ഇ-മെയിൽ വഴിയാണ് വ്യാജ സന്ദേശം എത്തിയത്. പത്തുമണിയോടെ ബാങ്ക് പ്രവർത്തനം തുടങ്ങിയപ്പോഴാണ് ബാങ്ക് മാനേജർ ഭീഷണി സന്ദേശം കണ്ടത്.
മാനേജർ സന്ദേശം കണ്ടതോടെ ജീവനക്കാർ ബാങ്കിൽ നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടുകയും പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിഴിഞ്ഞം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ബാങ്കിന് മുകളിൽ പ്രവർത്തിക്കുന്ന വിഴിഞ്ഞം പോർട്ടിലേക്ക് ചരക്കുനീക്കം നടത്തുന്ന ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
രാവിലെ പത്തരയോടെ ബാങ്ക് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാർ ഒഴിയണമെന്നുമായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്. എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എൽ ടിടിഇ പരാമർശങ്ങൾ അടക്കം തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധമുള്ള പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.